ചങ്ങനാശേരി : കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചങ്ങനാശേരിയിൽ പൂർത്തിയായി. ആരോഗ്യ വകുപ്പ്, നഗരസഭ, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, മാടപള്ളി, പായിപ്പാട് പഞ്ചായത്തുകളിലായാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ക്രമീകരിക്കുന്നത്. നിലവിൽ ആരോഗ്യ വകുപ്പിന്റെയും ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ചങ്ങനാശേരിയിൽ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന തെങ്ങണാ ഗുഡ് ഷെപ്പേർഡ്, കുറിച്ചി ഹോമിയോ റിസർച്ച് സെന്റർ എന്നിവ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ് മെന്റ് സെന്ററുകളാക്കും. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുറിച്ചി നാഷനൽ ഹോമിയോപ്പതിക് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഇൻ മെന്റൽ ഹെൽത്ത്, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (സിഎഫ്എൽടിസി) ആക്കി മാറ്റി. ആരോഗ്യവിഭാഗത്തിന്റെയും കുറിച്ചി പഞ്ചായത്തിന്റെയും, റിസർച്ച് സെന്ററിന്റെയും നേതൃത്വത്തിൽ ഇവിടെ 100 കിടക്കകളുള്ള കൊവിഡ് ആശുപത്രിയാക്കുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട് .
ഈ മാസം ആദ്യം മുതൽ ഇൻസ്റ്റിറ്റിയൂട്ടിൽ കൊവിഡ് കെയർ സെന്റർ പ്രവർത്തിച്ചിരുന്നു. 17 കിടക്കകളാണ് ഉണ്ടായിരുന്നത്. സിഎഫ്എൽടിസി ആരംഭിക്കുന്ന സാഹചര്യത്തിൽ സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുറിച്ചി പഞ്ചായത്തിൽ സിഎഫ്എൽടിസി ആരംഭിക്കുന്നത്.താഴത്തെ രണ്ടു നിലകളിലായി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വാർഡുകൾ ക്രമീകരിക്കും. മുകളിലെ നിലയിൽ ആവശ്യമെങ്കിൽ ജീവനക്കാർക്ക് ക്വാറന്റീനിൽ കഴിയുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും.
പരിഗണിച്ചത് അടിയന്തരസാഹചര്യം
കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും, ചെത്തിപ്പുഴ മീഡിയ വില്ലേജിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കി. ചങ്ങനാശേരി മത്സ്യമാർക്കറ്റിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ആളുകൾക്കു കഴിഞ്ഞ അഞ്ചു ദിവസമായി കൊവിഡ് സ്ഥിരീകരിച്ച് സാഹചര്യം കൂടി പരിഗണിച്ചാണ് നഗരസഭ പരിധിയിൽ 2 കേന്ദ്രങ്ങളും ഉടൻ പ്രവർത്തനം തുടങ്ങാൻ ആരോഗ്യ വകുപ്പ് തീരുമാനമെടുത്തത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 3 നില കെട്ടിടത്തിലാകും സിഎഫ്എൽസി പ്രവർത്തിക്കുക .
കുരിശുംമൂട് മീഡിയവില്ലേജ് ഓഫ് കമ്യൂണിക്കേഷന്റെ ഹോസ്റ്റലിന്റെ 3 നിലയുള്ള കെട്ടിടത്തിൽ 100 കിടക്കകൾ ക്രമീകരിക്കും. തൃക്കൊടിത്താനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം സെന്റസേവ്യേഴ്‌സ് ഫെറോന ചർച്ചിന്റെ പള്ളി പാരീഷ് ഹാൾ, വേദപാഠ സ്‌കൂൾ എന്നിവിടങ്ങളിൽ 100 കിടക്കകൾ ട്രീറ്റ്‌മെന്റിനായി തയാറാക്കിയിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തിൽ വെരൂർ ചിറ വിദ്യാജ്യോതി ഹോസ്റ്റലിൽ 60 കിടക്കകൾ സജ്ജമാക്കി. മാടപള്ളിയിൽ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ 150 കിടക്കകൾ സജ്ജമാക്കി. പായിപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഞ്ഞിലിത്താനം റൂട്ടീൽ പ്രവർത്തിക്കുന്ന ബൈബിൾ കോളേജിന്റെ മെൻസ് ഹോസ്റ്റലിൽ 100 കിടക്കയോടെ ഫെസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെൻററുകൾ തുറക്കും.