ചങ്ങനാശേരി: ചങ്ങനാശേരിയിൽ കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായത്. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ചങ്ങനാശേരിയിലും സമീപ പഞ്ചായത്തുകളിലുമാണ്. പല സ്ഥലങ്ങളിലും പ്രതിരോധം പാളിയതായും ആരോപണമുണ്ട്. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിർദേശങ്ങൾ മറികടന്ന് നീരീക്ഷണത്തിൽ കഴിയുന്നവർ പോലും വീടിന് പുറത്തിറങ്ങുന്നതായി പരക്കെ ആക്ഷേപമുണ്ട്. ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുകയാണ്. ഇത് സമ്പർക്കം വഴി രോഗികളുടെ എണ്ണം വർദ്ധിക്കാനും കാരണമാകുകയാണ്.
ജനങ്ങളുടെ ശ്രദ്ധയിൽ കുറവ് ഉണ്ടായതും ശരിയായ രീതിയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതുമാണ് കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായതായി സംശയിക്കുന്നത്. ആരോഗ്യവകുപ്പ് കൃത്യമായാണ് കൊവിഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ലോക്ക് ഡൗൺ ഇളവുകളും കൂടുതൽ ആളുകൾ പതിവു രീതിയിൽ പുറത്തേക്കിറങ്ങിയതുമാവാം സമ്പർക്കരോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നും സംശയിക്കുന്നു.
(ഡോ.അജിത് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട്)
ഭരണ നേതൃത്വത്തിന്റെ വീഴ്ചയാണ് ചങ്ങനാശേരി നഗരത്തിലെ രോഗവ്യാപനത്തിന് കാരണമായത്. സമീപ പഞ്ചായത്തുകളിലും മറ്റും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ ഫിഷ് മാർക്കറ്റിന്റെ കാര്യത്തിൽ ഉണ്ടായില്ല. ചെയർമാൻ അനാവശ്യമായി യോഗങ്ങൾ വിളിച്ചുചേർത്തതും രോഗവ്യാപനത്തിന് ഇടയാക്കി.
(സജി തോമസ്, നഗരസഭ ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)
ചങ്ങനാശേരി നഗരത്തിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും പൂർണമായി അടച്ചു. പാഴ്‌സൽ സർവീസിന് ഉച്ചക്കഴിഞ്ഞ് രണ്ട് മുതൽ 8 വരെ അനുമതിയുണ്ടെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി.
(രാജേഷ് ഹോട്ടൽ ഉടമ)