കോട്ടയം: യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കോട്ടയം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ചു. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകളിലെ ജീവനക്കാരിൽ ഭൂരിഭാഗവും നാട്ടിൽ പോയതും ജില്ലയിലെ വിവിധ പ്രദേശങ്ങൾ കൊവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയതും കാരണമാണ്. ഭൂരിഭാഗം പേരും സ്വന്തം വാഹനത്തിലാണ് യാത്രയെന്നതും പ്രശ്നമായി.
വിവിധ ഡിപ്പോകളിലായി പകുതിയിലേറെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. കോട്ടയം-കുമളി, കോട്ടയം-എറണാകളും സർവീസുകളും വെട്ടിക്കുറച്ചവയിൽപ്പെടുന്നു. പൊൻകുന്നം, എരുമേലി, വൈക്കം, ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേയ്ക്കുള്ള സർവീസുകൾ പലതും രാവിലെയും വൈകിട്ടും മാത്രമാക്കിയിട്ടുണ്ട്. അന്യജില്ലകളിലേയ്ക്കുള്ള ബസുകളിൽ ഭൂരിഭാഗവും ഓടുന്നില്ല. യാത്രക്കാർ തീരെയില്ലാത്തതിനാൽ ഡീസൽ കാശ് പോലും ലഭിക്കുന്നുമില്ല.
സ്വകാര്യ ബസുകളും സർവീസ് നടത്താത്തതിനാൽ സ്വന്തം വാഹനമില്ലാത്തവർക്കു അത്യാവശ്യ കാര്യങ്ങൾക്ക് പോലും യാത്ര ചെയ്യാൻ സൗകര്യമില്ലാതായി. ആരോഗ്യമേഖലയിൽ അടക്കം ഉള്ള ജീവനക്കാർക്ക് ജോലി സ്ഥലത്തും തിരികെയും എത്തുന്നത് ബുദ്ധിമുട്ടാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ട ജീവനക്കാർക്കു പ്രത്യേക യാത്രാ സൗകര്യം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ആശങ്കയറിയിച്ച് കണ്ടക്ടർമാർ
ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്നതിനാൽ കണ്ടക്ടർമാർ ഡി.ടി.ഒയെ ആശങ്ക അറിയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ച് സർവീസ് നടത്തണമെന്നുള്ള നിർദേശമാണ് ലഭിച്ചിരിക്കുന്നത്
'' നിലവിലെ സാഹചര്യത്തിൽ ഒറ്റ സർവീസ് പോലും ലാഭകരമല്ല. കോട്ടയം ഡിപ്പോയിൽ മാത്രം പത്തിലേറെ സർവീസുകൾ വെട്ടിക്കുറച്ചു. യാത്രക്കാർ തീരെയില്ലാത്തതിനാൽ പല ഷെഡ്യൂളുകളിലും ബസ് ഓടുന്നില്ല''
ഡി.ടി.ഒ കോട്ടയം