പാലാ : നഗരസഭയിലെ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള വികസനപദ്ധതികളുടെ തുക വെട്ടിക്കുറച്ചു. ഇന്നലെ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് തീരുമാനം. തുക കുറയ്ക്കാൻ നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് കൗൺസിലിലെ ജോസഫ് ഗ്രൂപ്പ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു. ജോസഫ് ഗ്രൂപ്പുകാരനായ കൗൺസിലർ പി.കെ. മധുവിന്റെ വാർഡിലെ പുലിമലക്കുന്ന് കുടിവെള്ളപദ്ധതിക്ക് നേരത്തെ 40 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഈ തുക 23 ലക്ഷമായി കുറച്ചു. പദ്ധതിക്കുള്ള കിണറിനും ടാങ്കിനും സ്ഥലം കണ്ടെത്തിയിട്ടില്ലെന്നും ചില കൗൺസിലർമാർ കുറ്റപ്പെടുത്തി. എന്നാൽ രാഷ്ട്രീയ ചേരിതിരിവുകൾ മൂലം കുടിവെള്ള പദ്ധതി അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പി.കെ മധു കുറ്റപ്പെടുത്തി. കിണറിനും ടാങ്കിനും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും മധു പറഞ്ഞു. തുക വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധം ചെയർപേഴ്‌സനെ നേരിൽ കണ്ട് അറിയിക്കും.
ഇതേസമയം മറ്റെല്ലാ പദ്ധതികൾക്കും തുക ആനുപാതികമായി കുറച്ചിട്ടുണ്ടെന്നും മധുവിന്റെ പദ്ധതിയോട് മാത്രമായി ആർക്കും അയിത്തം ഇല്ലെന്നും ഭരണപക്ഷ കൗൺസിലർ ബിജു പാലൂപടവൻ പറഞ്ഞു. കിണറിനും ടാങ്കിനും സ്ഥലം കണ്ടെത്തി മുനിസിപ്പാലിറ്റിയിൽ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി പണം കൂടി പദ്ധതിക്ക് നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ബിജു പാലൂപടവൻ ചൂണ്ടിക്കാട്ടി.