പാലാ:സപ്തതിയുടെ നെറുകയിൽ നിൽക്കുന്ന പാലാ രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ പറഞ്ഞു. വിശ്വാസത്തിന്റേയും സുവിശേഷത്തിന്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്. പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ മുതൽ മാർ പള്ളിക്കാപ്പറമ്പിലും ഇപ്പോൾ മാർ കല്ലറങ്ങാട്ടും ഏറ്റവും ഭംഗിയായാണ് രൂപതയെ നയിക്കുന്നത്.
ലോകമെമ്പാടും സേവനം ചെയ്യുന്ന പ്രേഷിതരാണ് രൂപതയുടെ ഏറ്റവും വലിയ സംഭാവനയെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മതസാഹോദര്യത്തിന്റെ വിളഭൂമി എന്ന നിലയിൽ പാലായ്ക്ക് പ്രമുഖമായ സ്ഥാനമാണുള്ളതെന്നും മാർ മുരിക്കൻ ചൂണ്ടിക്കാട്ടി. 1950 ജൂലായ് 25നാണ് പാലാ രൂപത സ്ഥാപിതമായത്. ഏറ്റവും സമ്പന്ന രൂപതയെന്നും ഇന്ത്യയിലെ വത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപതയിലാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെ പിറവിയുണ്ടായത്. പാലാ രൂപതയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയും സ്വന്തം.1950 ജൂലൈ 25നാണ് പന്ത്രണ്ടാം പീയൂസ്മാർപ്പയുടെ തിരുവെഴുത്ത്
വഴിയാണ് പാലാ രൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെ സ്ഥാപനം.
മാർസെബാസ്റ്റ്യൻ വയലിലായിരുന്നു പ്രഥമമെത്രാൻ. 1950 നവംബർ 9ന് റോമിലെ വിശുദ്ധത്രേസ്യായുടെ ദേവാലയത്തിൽ വച്ച് കർദിനാൾ
എവുജിൻടിസറന്റ് സെബാസ്റ്റ്യൻ വയലിനെ മെത്രാനായി അഭിഷേകംചെയ്തു. 1951 ജനുവരി 4 നായിരുന്നു രൂപതയുടെ ഉദ്ഘാടനം.


ഫാ.എമ്മാനുവേൽ മേച്ചേരിക്കുന്നേലിനെ വികാരി ജനറലായും ഫാ.മാത്യുകൊട്ടാരത്തുമ്യാലിയെ ചാൻസിലറായും ഫാ.സെബാസ്റ്റ്യൻ മറ്റത്തിലിനെ പ്രൊക്യുറേറ്ററായും ഫാ.പോൾപള്ളത്തുകുഴിയെ പഴ്‌സനൽസെക്രട്ടറിയായും നിയമിച്ചായിരുന്നു രൂപതയുടെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1973 ഓഗസ്‌ററ് 15ന് മാർ ജോസഫ് പള്ളിക്കപ്പറമ്പിലിനെ സഹായമെത്രാനായി നിയമിച്ചു. 1981 മാർച്ച് 25 ന് അദ്ദേഹം മെത്രാനായി ചുമതലയേറ്റു. 2004 മെയ് 2 ന് മാർ ജോസഫ് കല്ലറങ്ങാട്ട്‌ മെത്രാനായും 2012 ഓഗസ്റ്റ് 24 ന് മാർജേക്കബ് മുരിക്കൻ സഹായമെത്രാനായും നിയമിതനായി.1166 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലാണ്.