covid-

കോട്ടയം: ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന കോട്ടയത്ത് കാര്യങ്ങൾ കൈവിട്ട സ്ഥിതിയായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80ആയപ്പോൾ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 49 പേരിലാണ്. അഞ്ച് ആരോഗ്യ പ്രവർത്തകരും കളക്ടറേറ്റിലെ ജീവനക്കാരും കൊവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. കളക്ടറേറ്റിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ കളക്ടറും എ.ഡി.എമ്മും അടക്കമുള്ളവർ ക്വാറന്റൈനിലാണ്.

ചങ്ങനാശേരി, മൂലവട്ടം പ്രദേശങ്ങളിലാണ് സമ്പർക്കത്തിലൂടെ രോഗബാധിതർ.

വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 15 പേരും രോഗബാധിതരായി.

25 പേർ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ ആകെ 687 പേർക്ക് രോഗം ബാധിച്ചു. 298 പേർ രോഗമുക്തരായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് ചിങ്ങവനത്തും പത്തു പേർക്ക് ചങ്ങനാശേരി പായിപ്പാട് മേഖലയിലും നാലുപേർക്ക് കുമരകത്തും മൂന്നു പേർക്ക് വൈക്കത്തും രോഗബാധ കണ്ടെത്തി.

 വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ:
മുട്ടമ്പലം പ്രാഥമിക ചികിത്സാ കേന്ദ്രം- 99, അകലക്കുന്നം പ്രാഥമിക ചികിത്സാ കേന്ദ്രം- 74, പാലാ ജനറൽ ആശുപത്രി- 67, കോട്ടയം ജനറൽ ആശുപത്രി- 40, നാട്ടകം സി.എഫ്.എൽ.ടി.സി- 37, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -33, കുറിച്ചി സി.എഫ്.എൽ.ടി.സി-30 എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി-3, ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി-2.