rap

കോട്ടയം: കട്ടപ്പനയ്ക്ക് സമീപം താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തുന്നതിന് മുമ്പ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതിയുടെ മൊഴി. കൃത്യത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി മണിയെ (43) ഡിവൈ.എസ്.പി എൻ.സി.രാജ്മോഹനും സംഘവും ചേർന്നാണ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജൂൺ രണ്ടിന് രാത്രി 8.30ഓടെയാണ് അരുംകൊല നടന്നത്.

തമിഴ്നാട്ടിലേക്ക് പോയ വയോധികയുടെ ഭർത്താവ് ലോക്ക്ഡൗണിനെ തുടർന്ന് അവിടെ അകപ്പെട്ടുപോയി. തിരിച്ചു വരാൻ നിവൃത്തിയില്ലാതായതോടെ 65 കാരി തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതനും കൂലിപ്പണിക്കാരനുമായ മണി മദ്യത്തിനും കഞ്ചാവിനും അടിമായാണെന്ന് പൊലീസ് വ്യക്തമാക്കി.

ജൂൺ രണ്ടിന് രാത്രി എട്ടരയോടെ വയോധികയുടെ വീട്ടിൽ ഇയാൾ അതിക്രമിച്ചുകയറുകയായിരുന്നു. ബഹളം വച്ചതോടെ കഴുത്തിൽ കുത്തിപ്പിടിച്ച് കത്തി വൃദ്ധയുടെ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി. വയോധിക ബഹളം തുടർന്നതോടെ കത്തി കഴുത്തിൽ കുത്തിയിറക്കി. അപ്പോൾ തന്നെ അവർ പിടഞ്ഞുമരിക്കുകയും ചെയ്തു. മോഷണശ്രമത്തിനിടയിലാണ് വൃദ്ധ കൊലപ്പെട്ടതെന്ന് വരുത്തിതീർക്കാൻ വീട്ടിൽ നിന്നും റേഡിയോ, ഇസ്തിരിപ്പെട്ടി, ഇൻഡക്ഷൻ കുക്കർ എന്നിവയും എടുത്തുകൊണ്ട് പോയി. രക്തം പുരണ്ട വയോധികയുടെ വസ്ത്രങ്ങൾ വഴിയരികിൽ ഇട്ട് കത്തിക്കുകയും ചെയ്തു.

വയോധികയുടെ മൊബൈൽ ഫോൺ എടുത്തെങ്കിലും അപകടമാണെന്ന് മനസിലാക്കി ബാറ്ററി ഊരിക്കളഞ്ഞ് ഒളിപ്പിച്ചുവച്ചു. ആർക്കും സംശയം തോന്നാതിരിക്കാൻ അടുത്തദിവസം മുതൽ കൂലിപ്പണിക്കും പോയിത്തുടങ്ങി.
വയോധിക ഭർത്താവിന്റെ അടുക്കലേക്ക് പോയതായി അയൽവാസികൂടിയായ ഇയാൾ നാട്ടിൽ പറഞ്ഞുപരത്തി. ഇതിനാൽ

അയൽവാസികൾ ആരും തിരക്കിയില്ല. കുഴപ്പമില്ലെന്നും തന്നെ ആരും സംശയിക്കില്ലെന്നും ഉറപ്പുവരുത്തി നാലു ദിവസം കഴിഞ്ഞ് മണി വീട്ടിലെത്തി. അടുത്ത വീട്ടിൽ നിന്ന് കുഴിയെടുക്കാൻ തൂമ്പ വാങ്ങി. കുഴി ശരിയാക്കിയശേഷം തിരികെ വീട്ടിലേക്ക് പോയ മണി പിറ്റേദിവസം രാത്രി എത്തി അഴുകിത്തുടങ്ങിയിരുന്ന മൃതശരീരം സാരിയിൽ പൊതിഞ്ഞ് നേരത്തെ തയാറാക്കിയ കുഴിയിൽ വലിച്ചിഴച്ചുകൊണ്ടു പോയി മൂടുകയായിരുന്നു. ഇവിടെനിന്നും എടുത്തുകൊണ്ടുപോയ ഇൻഡക്ഷൻ കുക്കർ അന്ന് തിരികെ കൊണ്ടുപോയി വച്ചു.

പിടിക്കപ്പെട്ടേക്കാം എന്നു തോന്നിയതിനെ തുടർന്ന് എട്ടാം തീയതി ഒളിവിൽപോവാൻ തീരുമാനിച്ച മണി കുമളിയിലേക്ക് ബസ്‌‌ കയറി. തമിഴ്നാട്ടിലേക്ക് കടക്കാൻ പാസ് ഇല്ലാതിരുന്നതിനെ തുടർന്ന് അണക്കരയിൽ എത്തി ആക്രി പൊറുക്കി ഒരാഴ്ചയോളം കറങ്ങി. തുടർന്ന് പച്ചക്കറി കയറ്റിവന്ന ലോറിയിൽ രഹസ്യമായി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

സഹോദരിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതോടെ ജേഷ്ഠത്തിയുടെ മകൻ സ്ഥലത്തെത്തി. കാണാതായതിനെ തുടർന്ന് ഇയാൾ കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ 14ാം തീയതിയാണ് മൃതദേഹം വീട്ടുവളപ്പിൽ കണ്ടെത്തിയത്. മൃതദേഹം മറവുചെയ്ത കുഴിയിൽ നിന്നും വയോധികയുടെ തിരിച്ചറിയൽ കാർഡ് ലഭിച്ചിരുന്നു.

പോസ്റ്റുമോർട്ടത്തിലാണ് കുത്തേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. രണ്ടാഴ്ച പഴക്കമുണ്ടായിരുന്നതിനാൽ മൃതദേഹം ജീർണിച്ചുപോയിരുന്നു. വയോധിക ധരിച്ചിരുന്ന സാരി കണ്ടാണ് ജേഷ്ഠത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

തുടർന്നുള്ള അന്വേഷണത്തിൽ അയൽവാസിയായ മണി സ്ഥലത്തില്ലായെന്ന് മനസിലായി. തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം അവിടേയ്ക്ക് വ്യാപിപ്പിച്ചത്. തേനി ബസ് സ്റ്രാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇന്നലെ കുന്തളംപാറയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വണ്ടൻമേട് സി.ഐ വി.എസ് നവാസ്, എസ്.ഐ മാരായ സന്തോഷ് , എം.എസ്.ഷംസുദീൻ, ബിനോയ് എബ്രഹാം, എ.എസ്.ഐ കെ.കെ സിജുമോൻ, എസ്.സി.പി.ഒ പി.വി റെജി, സി.പി.ഒ ബിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.