bund

കോട്ടയം : കുമരകം മെത്രാൻ കായലിൽ ആദ്യമായി നടത്തുന്ന 'ഒരു മീനും നെല്ലും: കൃഷിയുടെ മുന്നോടിയായി മോട്ടോർ തറ പണിത് വെള്ളം വറ്റിക്കൽ തുടങ്ങുന്നു. നാല് മീറ്റർ നീളത്തിലുള്ള 100 തെങ്ങിൻകുറ്റി , 60 എച്ച്. പിയുടെ രണ്ട് മോട്ടോറുകൾ , 50 എച്ച്. പിയുടെ ഒരു മോട്ടോർ എന്നിവ എത്തിച്ച് തറകളുടെ നിർമ്മാണം പൂർത്തിയായി. ബണ്ടുകൾ ബലപ്പെടുത്തുന്ന ജോലികളും തുടങ്ങി. മൂന്നാഴ്ച കൊണ്ട് വെള്ളം വറ്റിക്കാനാണ് ശ്രമം. മടകുത്തി ,പോള മാറ്റി, വെള്ളം വറ്റിച്ച ശേഷം കക്ക വിതറി മണ്ണിലെ പുളിരസം ഇല്ലാതാക്കി നിലം ഒരുക്കും. തുലാം ആദ്യം വിത്ത് വിതക്കാനാണ് പാടശേഖര സമിതി തീരുമാനം.

നിലവിൽ മീൻ കുളമായ എട്ട് ഏക്കർ പ്രദേശത്ത് മീൻ കുഞ്ഞുങ്ങളെ ഇടും. ഇവ വളരുമ്പോൾ കൊയ്തു കഴിയും . തുടർന്ന് 400 ഏക്കർ പാടശേഖരത്തിലേക്കും മീനുകളെ വിടും. അടുത്ത കൃഷിക്കു മുമ്പ് ഇവ പൂർണ വളർച്ച എത്തുമ്പോൾ നാട്ടുകാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. മീൻ വിറ്റ് കിട്ടുന്ന പണം പാടം പാട്ടത്തിനെടുത്ത കർഷകർക്ക് തുല്യമായി വീതിക്കും.

പാട്ട തുക (ഒരു ഏക്കറിൽ)

നെല്ലിന് 15000 രൂപ

മീനിന് 3000 രൂപ

പാടശേഖര സമിതിയിൽ

84 കർഷകർ

 കൃഷിക്കുള്ള ഒരുക്കങ്ങളായി

വൈദ്യുതി കണക്ഷൻ കിട്ടിയാൽ ഉടൻ പമ്പിംഗ് തുടങ്ങും. ഹിറ്റാച്ചി ഉപയോഗിച്ച് മട കുത്തിത്തുടങ്ങി. പുളിരസം കൂടുതലുള്ളതിനാൽ കക്ക വിതറി പുളി ഇളക്കി കളയണം. അല്ലെങ്കിൽ ഞാറ് ഉരുകി പോകും. ഒരു ഏക്കറിന് ഇരുപത് പാക്കറ്റ് കക്കയെങ്കിലും വേണം.സബ്സിഡി നിരക്കിൽ നേരത്തേ കക്ക ലഭിച്ചിരുന്നു . ഫണ്ടിന്റെ അപര്യാപ്തത കാരണം കക്കയുടെ കാര്യം പ്രശ്നത്തിലാണ് . കക്ക കുറഞ്ഞ നിരക്കിൽ കിട്ടുന്നില്ലെങ്കിൽ മെത്രാൻ കായലിലെ നെൽകൃഷി പ്രതിസന്ധിയിലാകും.

എം.കെ.രാജേഷ്, ജോയിന്റ് സെക്രട്ടറി,

മെത്രാൻ കായൽ പാടശേഖര സമിതി