അടിമാലി: മാങ്കുളം പഞ്ചായത്ത് പരിധിയിൽ നിന്ന് വീണ്ടും അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം കോട പിടികൂടി. അമ്പതാംമൈൽ രാജപ്പൻ സിറ്റിയിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരെ ചെങ്കുത്തായ മലമുകളിലെ റബ്ബർ തോട്ടത്തിൽ മൂന്ന് പ്ലാസ്റ്റിക് ബാരലുകളിലായിട്ടായിരുന്നു 400 ലിറ്ററോളം വരുന്ന കോട സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പ്രതികളായ അമ്പതാംമൈൽ സ്വദേശികളും സഹോദരങ്ങളുമായ കോട്ടായിൽ ബിനോയി ജോസഫ്, ബിബിൻ ജോസഫ് എന്നിവർ നിന്ന് ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ് പറഞ്ഞു. അബ്കാരി ആക്ട് പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇരുവരും ചേർന്ന് നാളുകളായി മാങ്കുളത്ത് ചാരായ വിൽപ്പന നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മാങ്കുളം അമ്പതാംമൈൽ മേഖലയിൽ ചാരായ നിർമ്മാണവും വിൽപ്പനയും വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം പരിശോധന നടത്തിയത്. കണ്ടെത്തിയ കോട പരിശോധനാ സംഘം സംഭവസ്ഥലത്തു വച്ച് നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസറായ കെ. എസ്. അസീസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ.എസ്, രഞ്ജിത്ത് കവിദാസ്, ശരത് എസ്. പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.