thozhil

കോട്ടയം: കൊവിഡിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരും തൊഴിൽ നഷ്ടപ്പെട്ടവരും തൊഴിലുറപ്പിലേയ്ക്കിറങ്ങി. മുൻപ് സ്ത്രീകളായിരുന്നു കൂടുതലായിരുന്നതെങ്കിൽ ലോക്ക് ഡൗണിന് ശേഷം യുവാക്കളടങ്ങുന്ന പുരുഷൻമാർ തൊഴിലുറപ്പ് തൊഴിലാളികളായി.
ലോക്ക് ഡൗണിന് ശേഷം തൊഴിൽകാർഡ് എടുക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. മുൻപ് വീട്ടമ്മമാർ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ആ കാർഡിൽ ഗൃഹനാഥൻമാർ കൂടി അംഗത്വം സ്വീകരിച്ച് തൊഴിൽ ചെയ്യുന്നുണ്ട്. ബസ് ജീവനക്കാർ, പെയിന്റിംഗ് തൊഴിലാളികൾ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ, വിദേശത്ത് നിന്ന് വന്നവർ തുടങ്ങിയവർക്കെല്ലാം തൊഴിലുറപ്പ് ആശ്വാസമാകുന്നുണ്ട്. തൊഴിൽനഷ്ടവും സാമ്പത്തിക ആഘാതവും ലഘൂകരിക്കുന്നതിനായി സംസ്ഥാനത്ത് ഇതുവരെ 1.32 കോടി തൊഴിൽദിനങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ 1.26 കോടി ഗ്രാമീണമേഖലയിലും 5.33 ലക്ഷം നഗരമേഖലയിലുമാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഇത്രയും അവസരം നൽകിയത് സാധാരണക്കാർക്ക് ആശ്വാസവുമായി.ഇക്കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിച്ച് കുടുതൽ ഫലപ്രദമാക്കുന്നതിനുള്ള ശ്രമവും നടന്നു.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 4,362 കാർഷിക, മത്സ്യവളർത്തൽ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 2,876 പശുത്തൊഴുത്ത്, 1,767 ആട്ടിൻകൂട്, 1,768 കോഴിക്കൂട് എന്നിവയുടെ നിർമാണവും നടന്നു. തീറ്റപ്പുൽ കൃഷിക്കായുള്ള 1,302 പ്രവർത്തനങ്ങളും നടന്നു.

ജോലി രാവിലെ 9മുതൽ 5വരെ

 വിദഗ്ദ്ധ തൊഴിലാളിക്ക് 850 രൂപ

അവിദഗ്ദ്ധ തൊഴിലാളി 291 രൂപ

'' ലോക്ക്ഡൗൺ കാലത്ത് സ്വകാര്യമേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട യുവാക്കളടക്കമുള്ളവർ കൂടുതലായി തൊഴിലുറപ്പ് മേഖലയിലേയ്ക്ക് എത്തുന്നുണ്ട്. പ്രായമായവരുടെ തൊഴിൽ അവസരം നഷ്ടമായെങ്കിലും അതേവീട്ടിൽനിന്നുതന്നെ തൊഴിൽ കാർഡ് എടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്''

പി.എസ്.ഷിനോ, തൊഴിലുറപ്പ് പദ്ധതി

കോർഡിനേറ്റർ, കോട്ടയം

'' മുപ്പത് വ‌ർഷത്തോളമായി സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ലോക്ക് ഡൗണിന് ശേഷം ബസ് സർവീസ് നിലച്ചതോടെ ഇപ്പോൾ തൊഴിലുറപ്പ് ജോലിയാണ് ആശ്രയം. ഭാര്യ മുൻപേ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു''

ജോസ്, മണിമല