ചങ്ങനാശേരി : സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ ഇതുവരെ ഏറ്റവുമധികം സമ്പർക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി ക്ലസ്റ്ററിന്റെ ഭാഗമായാണ് പായിപ്പാട് ഗ്രാമപഞ്ചായത്ത് മേഖല ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നത്. ജൂലായ് 23ന് വരെ പായിപ്പാട്ട് ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ 44 പേരിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എം. അഞ്ജനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുതിയ ക്ലസ്റ്ററായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
പായിപ്പാട് മാർക്കറ്റ് കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധന തുടരുകയാണ്. പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിക്കുന്നതിനും ഡി.ഡി.എം.എ യോഗം തീരുമാനമെടുത്തു. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ ദുരന്ത നിവാരണ അതോറിറ്റി കോ-ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ സപ്ലൈ ഓഫീസർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.