ചങ്ങനാശേരി : മത്സ്യ തൊഴിലാളികൾക്ക് കൊവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് ചങ്ങനാശേരി മാർക്കറ്റ് അടച്ച് 5 ദിവസം പിന്നിടുമ്പോൾ നഷ്ടം 13 കോടി. നഗരത്തിലെ ചെറുതും വലുതുമായ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ചെരുപ്പ് വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടൽ, വസ്ത്രവ്യാപാരസ്ഥാപനങ്ങൾ തുടങ്ങി നിരവധി മേഖലയെയാണ് ഇത് ദോഷകരമായി ബാധിച്ചത്. രോഗവ്യാപനം ഇനിയും വർദ്ധിക്കാതിരിക്കാൻ നഷ്ടം സഹിച്ചും വ്യാപാരികൾ ഇതിനോട് സഹകരിക്കുകയാണ്.

ഒരു ദിവസം രണ്ടുകോടി രൂപയിലധികം രൂപയുടെ കച്ചവടമാണ് മാർക്കറ്റിൽ നടക്കുന്നത്. 250 ഓളം വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പച്ചക്കറി മാർക്കറ്റിൽ ഒരു ദിവസം 25 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. ഇതിൽ 12 ഹോൾ സെയിൽ സ്ഥാപനങ്ങളും 30 റീട്ടെയ്ൽ സ്ഥാപനങ്ങളുമുണ്ട്. മത്സ്യ മാർക്കറ്റിൽ ഒരു ദിവസം 15 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. ഇതിൽ 10 സ്ഥാപനങ്ങൾ ഹോൾസെയിലും 30 ലധികം റീട്ടെയ്ൽ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. 12 ഉണക്കമീൻ വ്യാപാരകേന്ദ്രങ്ങളുമുണ്ട്.

മാർക്കറ്റ് പൂർണ്ണമായി അടയ്ക്കുന്നതിന് രണ്ടുദിവസം മുൻപായി കച്ചവടം നടത്തുന്നതിനുള്ള സാവകാശം വ്യാപരികൾക്ക് നല്കിയിരുന്നു. മാർക്കറ്റ് വീണ്ടും തുറക്കുന്നതിനായി ശനിയാഴ്ച തഹസിൽദാരുടെയും വ്യാപാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ യോഗം കൂടും. ഇതനുസരിച്ച് തിങ്കളാഴ്ച മുതൽ സമയക്രമീകരണത്തിൽ മാറ്റം വരുത്തി മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ അന്തിമതീരുമാനം എടുക്കും.

( ടോമിച്ചൻ അയ്യരുകുളങ്ങര, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി)


നിലവിലെ സാഹചര്യത്തിൽ രോഗ വ്യാപന സാദ്ധ്യത കൂടുതലായതിനാലാണ് കടകൾ അടച്ചിടാൻ തയ്യാറായത്. കച്ചവടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഹോൾ സെയിൽ സ്ഥാപനമാണ് നടത്തുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ നിന്നാണ് കൂടുതലായി ഉത്പന്നങ്ങൾ എത്തുന്നത്. ലോഡ് എത്തിക്കുന്നതിനുള്ള ബുദ്ധുമിട്ടും തടസവുമുണ്ട്.

(ടി.കെ.അൻസർ ഹോൾസെയിൽ വ്യാപാരി)


രോഗവ്യാപനം വളരെ കൂടുതലാണ്. നഷ്ടം കണക്കാക്കിയിട്ടില്ല. ഭീതി കാരണം തൊഴിലാളികൾ ജോലി ചെയ്യില്ലെന്ന് എഴുതി തന്നതിനാലാണ് വ്യാപാരസ്ഥാപനങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്.

(ബിജു ആന്റണി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്)

ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്. മറ്റുള്ളവരുടെ അവസ്ഥ ദയനീയമാണ്. ഇവരെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

(ടി.പി.അജികുമാർ കൗൺസിലർ, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം)