കോട്ടയം : കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന്റെ കാര്യത്തിൽ ദേവസ്വം ബോർഡ് ഭാഗികമായ ഇളവുകൾ പ്രഖ്യാപിക്കുന്നത് വ്യാപനത്തെ വർദ്ധിപ്പിക്കാനുള്ള തന്ത്രമാണോ എന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആരോപിച്ചു. മറ്റു മതസ്ഥാപനങ്ങൾക്ക് നൽകാത്ത ഇളവുകൾ ക്ഷേത്രത്തിൽ മാത്രം നടപ്പാക്കുന്നതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഭക്തജനങ്ങൾ സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നാലമ്പലത്തിന് പുറത്ത് പ്രവേശനം അനുവദിച്ച ദേവസ്വംബോർഡ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുനക്കര ദേവസ്വം അസി.കമ്മിഷണർ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണസഭ സംസ്ഥാന സമിതി അംഗം എസ്.ശങ്കർ, ചിന്മയാ മിഷൻ ആചാര്യൻ സുധീർ ചൈതന്യ, ബാലഗോകുലം മേഖലാ സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.