കോട്ടയം: യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ വാട്‌സ്‌ആപ്പിൽ പ്രചരിച്ചതോടെ സി.പി.എം വാകത്താനം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ നേതാവ് ഒളിവിൽ. ഇയാളുടെ ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള ചിത്രങ്ങളാണ് രണ്ടു ദിവസമായി പ്രചരിക്കുന്നത്. സംഭവം വിവാദമാകുകയും യുവതിയുടെ ഭർത്താവ് പരാതിപ്പെടാൻ ഒരുങ്ങുകയും ചെയ്‌തതോടെയാണ് നേതാവ് ഒളിവിൽ പോയത്. ഇതിനിടെ ഇയാളെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി കാണിച്ച് സി.പി.എം വാകത്താനത്ത് പോസ്റ്റർ ഒട്ടിച്ചു.
പഞ്ചായത്തിലെ കരാർ ജോലികൾ ഏറ്റെടുത്തു നടത്തുന്ന ഈ നേതാവിന്റെ കീഴിൽ നിരവധി ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഒരു തൊഴിലാളിയുടെ ഭാര്യയ്ക്ക് ഒപ്പം കാറിലിരുന്ന് പകർത്തിയ സ്വകാര്യ നിമിഷങ്ങളുടെ സെൽഫിയാണ് പുറത്തായിരിക്കുന്നത്. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവർക്ക് ചിത്രങ്ങൾ കിട്ടിയിട്ടുണ്ട്.
സംഭവം പൊലീസിൽ എത്തും മുൻപ് ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ സി.പി.എം ആരംഭിച്ചു. നേതൃത്വം യുവതിയുടെ ഭർത്താവുമായി ബന്ധപ്പെട്ടതായി അറിയുന്നു. നേതാവ് അതീവ രഹസ്യമായി ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ എങ്ങിനെയാണ് പുറത്തു പോയതെന്ന ചർച്ചയിലാണ് പാർട്ടി വൃത്തങ്ങൾ.