കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതു ചോദ്യം ചെയ്‌തതിന് പൊലീസുകാരെ ആക്രമിച്ച സംഘത്തിലെ തെള്ളകം വാലുതൊട്ടിയിൽ അർഷദ് ദിലീപ് (അണ്ണായി - 30) അറസ്റ്റിലായി. രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മനീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ അനു എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. അസ്വാഭാവികമായ സാഹചര്യത്തിൽ യുവാക്കൾ നിൽക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് പട്രോളിംഗ് സംഘം എത്തി ചോദ്യം ചെയ്തപ്പോൾ ആക്രമിക്കുകയായിരുന്നു. മണർകാട്ടെ ചീട്ടുകളിയുമായി ബന്ധപ്പെട്ട മാഫിയ സംഘത്തിന്റെ അനുയായികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവിടെ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.