bar

കോട്ടയം: കഴിഞ്ഞ ഒരു മാസം 50 കോടി രൂപയുടെ മദ്യമാണ് ജില്ലയിലെ ബിവറേജസ് കോർപ്പറേഷൻ വെയർ ഹൗസിൽ മുൻകൂർ പണമടച്ച് ജില്ലയിലെ ബാറുകൾ വാങ്ങിയത്. ബിവറേജിലെ മദ്യക്കച്ചവടത്തിൽ വൻ ഇടിവുണ്ടായെങ്കിലും, മുൻ കൂർ പണം ലഭിക്കുന്നതിനാൽ സർക്കാരിന് ബാറിലെ കച്ചവടം ലാഭമാണ്.

ലോക്ക് ഡൗണിനു ശേഷം മേയ് 27 മുതലാണ് ബിവറേജസ് കോർപ്പറേഷൻ്റെ ബെവ് ക്യു ആപ്പ് രംഗത്തെത്തിയത്. ഇതോടെ വിവിധ കോണുകളിൽ നിന്ന് വിമർശനവും ഉയർന്നു. ബെവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങാനുള്ള ടോക്കൺ മുഴുവൻ ലഭിക്കുന്നത് ബാറുകളിലേയ്‌ക്കാണ് എന്നായിരുന്നു വിമർശനം.

കൊവിഡ് കാലത്തിനു മുൻപ് 12 കോടി രൂപയുടെ വരെ മദ്യമാണ് ബാറുകൾ വാങ്ങിയിരുന്നത്. എന്നാൽ, ലോക്ക് ഡൗണിനു ശേഷം ബെവ്ക്യു ആപ്പ് വന്നതോടെ ബാറുകളിലെ കച്ചവടം കുതിച്ചു കയറി.

ആളും കുറഞ്ഞു, കച്ചവടവും

ലോക്ക് ഡൗണിനു ശേഷം ജില്ലയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിൽ എത്തുന്നവരുടെ എണ്ണത്തിൽ ഇടിവുണ്ടായിട്ടുണ്ട്. നേരത്തെ ഒരു ദിവസം ശരാശരി 1500 പേർ വരെയാണ് ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പന ശാലകളിൽ എത്തിയിരുന്നത്. എന്നാൽ, ലോക്ക് ഡൗണിനു ശേഷം ബെവ്‌ക്യു ആപ്പെത്തിയതോടെ ഇത് 500 വരെയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ആപ്പ് വഴി ബുക്ക് ചെയ്യുന്നവരിൽ പകുതിയും ബിവറേജിലേയ്‌ക്ക് എത്താറേയില്ല. എന്നാൽ, എത്തുന്നവരാകട്ടെ വാങ്ങാൻ കഴിയുന്നതിൻ്റെ പരിധിയായ മൂന്നു ലിറ്ററും വാങ്ങിയാണ് മടങ്ങുന്നത്.

സർക്കാരിന് ലാഭം

ബാറുകൾ മുൻകൂർ പണം അടച്ചു മദ്യം വാങ്ങുന്നതിനാൽ ലാഭം സർക്കാരിന് തന്നെയാണ്. മദ്യവിൽപ്പനയിലെ ചെലവും കുറവുണ്ട്. ബാറുകൾക്കു മദ്യം വാങ്ങണമെങ്കിൽ വെയർ ഹൗസിൽ മുൻകൂറായി പണം അടയ്‌ക്കേണ്ടി വരും. ഈ പണം പൂർണമായും സർക്കാരിൻ്റെ അക്കൗണ്ടിലേയ്‌ക്കാണ് വരുന്നത്. ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം വിറ്റു തീർന്ന ശേഷമേ സർക്കാരിന് പണം ലഭിക്കൂ.