പാലാ : പഠനം മുടങ്ങുമെന്ന പേടി ഇനി കാശിക്കില്ല. കേടായ ഫോണിന് പകരം നല്ല ഒന്നാന്തരം സ്മാർട്ട് ഫോൺ സമ്മാനമായി ലഭിച്ചതോടെ കാശി ഉഷാറായി. ഒപ്പം പഠനവും. ഊരാശാല കുന്നത്ത് സുരേഷ് - ഉഷ ദമ്പതികളുടെ മകൻ കാശിനാഥൻ പാലാ സെന്റ്‌തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനത്തിൽ മിടുമിടുക്കൻ. കഴിഞ്ഞ യു.എസ്.എസ് പരീക്ഷയിൽ സ്‌കൂളിൽ നിന്ന് പരീക്ഷ എഴുതിയ 12 വിദ്യാർത്ഥികളിൽ കാശി മാത്രമാണ് ഉന്നത മാർക്ക് വാങ്ങി വിജയിച്ചത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് കാശിയുടേത്. കൊവിഡ് മൂലം ഓൺലൈൻ പഠനം വന്നതോടെ അമ്മയുടെ മൊബൈലിലായിരുന്നു പഠനം. കുറച്ചുനാൾ മുമ്പ് ഇത് പണിമുടക്കിയതോടെ പഠനവും ലോക്ക് ഡൗണിലായി. ഇത് ശ്രദ്ധയിൽപ്പെട്ട ഊരാശാല കെ. എസ്.സുരേഷ് സാംസ്‌കാരികവേദി പുതിയഫോൺ വാങ്ങി നൽകുകയായിരുന്നു. മാണി സി കാപ്പൻ എം.എൽ.എ ഫോൺ കൈമാറി. കൂടാതെ എം.എൽ.എയുടെ സമ്മാനമായി രണ്ടായിരം രൂപയും. സാംസ്‌കാരികവേദി പ്രസിഡന്റ്
മാത്യുജോസഫ്, സെക്രട്ടറി വി.ആർ.രാജേഷ്, മുൻ കൗൺസിലർ ജിമ്മിജോസഫ്, അഡ്വ.സത്വരത്‌നകുമാർ, യദുകൃഷ്ണൻ, പത്മ സുകുമാരൻ തുടങ്ങിവർ സന്നിഹിതരായിരുന്നു