കുറുക്കനെ കോഴിയ്ക്ക് കാവലേൽപ്പിക്കുക എന്ന പഴംചൊല്ലിനെ കടത്തിവെട്ടുന്നതായി കോടികൾ മറിയുന്ന മണർകാട്ടെ ചൂതാട്ട കേന്ദ്രമായ ക്രൗൺ ക്ലബിന്റെ സംരക്ഷകരായി ചില പൊലീസ് ഏമാന്മാർ മാറിയ സംഭവം. മാസപ്പടി നൽകുന്നവർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുക മാത്രമല്ല യജമാന സ്നേഹം പ്രകടിപ്പിക്കാൻ മുട്ടിലിഴയുകയും ചെയ്യുന്നവരുടെ വംശം അവസാനിപ്പിച്ചിട്ടില്ലെന്നു തെളിയിക്കുന്നതായി പൊലീസ് സേനയ്ക്ക് അപമാനമായ ചൂതാട്ട കേന്ദ്രത്തിലെ റെയ്ഡും അനന്തരസംഭവങ്ങളുമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
ബിസിനസ് താത്പര്യമുള്ള കേരളത്തിലെ മുൻ ബിഷപ്പ് , തമിഴ്നാട്ടിലെ ബിഷപ്പ്, സിറ്റിംഗ് ഡിവൈ.എസ്.പി, മുൻ ഡിവൈഎസ്.പി, മന്ത്രിമാർ, എം.എൽഎമാർ, മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കൾ തുടങ്ങി ചീട്ടുകളി കേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ നിര നീളുകയാണ്. ചീട്ടുകളി പിടിച്ച സംഭവത്തിൽ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് കുമാർ ഗുരുതര വീഴ്ച നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡ് വിവരം ചോർത്തി നടത്തിപ്പുകാരനുമായി അവിഹിത ഇടപെടൽ നടത്തി. പ്രതികൾക്ക് കേസിൽ നിന്ന് തലയൂരാനുള്ള വഴികൾ നിർദ്ദേശിച്ച് സഹപ്രവർത്തകർക്കെതിരെ മോശമായി എസ്.എച്ച്.ഒ രതീഷ് ക്ലബ് സെക്രട്ടറി മാലം സുരേഷുമായി നടന്ന ഫോൺസന്ദേശവും പുറത്തു വന്നു.
മാസപ്പടി വാങ്ങുന്നവർ റെയ്ഡ് നടന്ന ക്ലബിൽ ചീട്ടുകളി നടക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ചു. പൊലീസിലെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു. നടത്തിപ്പുകാരന്റെ വീട്ടിൽ റെയ്ഡിനെത്തിയെങ്കിലും വീട്ടിൽ കയറാതെ മടങ്ങിയ ശേഷം പരിശോധന നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. 43 പേരെ അറസ്റ്റ് ചെയ്ത് 18 ലക്ഷം രൂപയും 43 മൊബൈൽ ഫോണുകളും പിടിച്ചെടുത്തെങ്കിലും സലാം പറഞ്ഞ് പുറത്തിറങ്ങാവുന്ന നിസാര കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി പ്രതികളെ രക്ഷിക്കാൻ മണർകാട്ടെ പൊലീസുകാർ അമിത താത്പര്യം കാട്ടുന്നതു കണ്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് തുടരന്വേഷണം.
കേസ് കോടതിയിലെത്തുമ്പോൾ പ്രതികൾക്ക് ഊരിപ്പോകാവുന്ന തരത്തിൽ എഫ്.ഐ.ആറിൽ കൃത്യമായ വിലാസം പോലുമില്ല. തെളിവിനായി ചീട്ടുകളിച്ചവരുടെ ഹാജർബുക്കില്ല. ക്ലബ് നടത്തിപ്പുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ രജിസ്റ്റർ കടത്തിയെന്നാണ് സംശയം. ഗുണ്ടാ ആക്ടിൽപ്പെടുത്തേണ്ട പല ക്രിമിനലുകളുടെയും സംരക്ഷകരാണ് കോട്ടയത്ത് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും. ആര് ഭരിച്ചാലും ഭരിക്കുന്നവരുടെ ആളാകും. പാർട്ടി ഫണ്ടിലേക്ക് ആവശ്യത്തിന് പണം നൽകും. ഇങ്ങനെയുള്ള ഗുണ്ടകളെ ഏത് പൊലീസ് ഏമാൻ തൊടും. അതു കൊണ്ട് ഇപ്പോഴത്തെ അന്വേഷണവും നടപടിയുമൊക്കെ ജനങ്ങളെ പറ്റിക്കാനുള്ള ഏർപ്പാടായേ ചുറ്റുവട്ടം കാണുന്നുള്ളൂ. കുണുക്കിട്ടവൻ പോയാൽ കടുക്കനിട്ട ഏമാൻ വരും. മാസപ്പടി തരുന്നവനെ സല്യൂട്ടടിക്കും...