അടിമാലി: വിലയിടിവിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ഏത്തവാഴ കർഷകർ. 20ന് അടുത്തതാണ് വിപണിയിൽ ഏത്താക്കായുടെ ഇപ്പോഴത്തെ വില. മുൻ വർഷങ്ങളിൽ ഈ സമയത്ത് ഏത്തക്കായ്ക്ക് 40 രൂപയോളം വിലയുണ്ടായിരുന്നു. കൊവിഡ് ഭീതിയെ തുടർന്ന് ചിപ്സ് നിർമ്മാണ രംഗത്തുണ്ടായിട്ടുള്ള പ്രതിസന്ധിയും ഭൂരിഭാഗം ഹോസ്റ്റലുകളും ക്യാന്റീനുകളും ചായക്കടകളുമെല്ലാം അടഞ്ഞ് കിടക്കുന്നതിനാലും ഏത്തക്കായുടെ ഉപയോഗത്തിൽ കുറവ് വന്നിട്ടുള്ളതായി കർഷകർ പറയുന്നു. വിലസ്ഥിരതയില്ലായ്മയാൽ പലരും ഏത്തവാഴ കൃഷിയിൽ നിന്നും പിൻവാങ്ങി കഴിഞ്ഞു. കൃഷിവകുപ്പിന്റെ ഭാഗത്തു നിന്നും അർഹമായ പരിഗണനയില്ലെന്ന പരാതി ഏത്തവാഴ കർഷകർക്കുണ്ട്. കായുടെ വിൽപ്പന കുറവിനൊപ്പം വിപണിയിലേക്ക് ഇനിയും കൂടുതലായി ഏത്തക്കുലകൾ എത്തിയാൽ വീണ്ടും വിലയിടിവിന് ഇടവരുത്തുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.

മുതലാകണ്ടേ...

ഏത്തവാഴയൊന്നിന് വിളവെടുക്കും വരെ 225 രൂപയോളം ശരാശരി പരിപാലന ചിലവായി വരുന്നുണ്ട്. ഇപ്പോഴത്തെ വിലയിൽ മോശമല്ലാത്തൊരു ഏത്തകുലവിറ്റാൽ 250ന് താഴെ മാത്രമാണ് കിട്ടുന്ന വില.

ഓണത്തിനുണ്ടാകുമോ

ഓണവിപണി മുമ്പിൽ കണ്ട് കൃഷിയിറക്കിയിരുന്ന ഏത്തവാഴകളെല്ലാം കുലച്ച് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. ഓണവിപണിക്ക് തുടക്കം കുറിക്കേണ്ടകാലത്തും വില താഴ്ന്ന് നിൽക്കുന്നത് കർഷകർക്ക് വലിയ നിരാശ സമ്മാനിക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ ദിനംപ്രതി കൂടുന്നതിൽ ഇത്തവണ ഓണം എങ്ങനെയാകുമെന്ന് ഉറപ്പില്ലാത്തതും വിപണിയെ പ്രതിസന്ധിയിലാക്കുന്നു.