പൊൻകുന്നം : ക്ഷേമപെൻഷനായി ചിറക്കടവ് പഞ്ചായത്തിൽ അപേക്ഷ കൊടുത്ത മുന്നൂറിലേറെ നിർദ്ധനരായ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കാതിരിക്കാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമാണന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു. 2019 ഒക്ടോബർ മുതൽ സ്വീകരിച്ച അപേക്ഷകൾ ക്ഷേമകാര്യ സ്ഥിരംസമിതി, ജനറൽ കമ്മിറ്റി എന്നിവ അംഗീകരിച്ചിട്ടും സർക്കാർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്തതിന് ഉത്തരവാദികളായവരുടെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കണം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.സി.റോസമ്മ, ത്രേസ്യാമ്മ നെല്ലെപറമ്പിൽ, പി.എം.സലിം, ആന്റണി മാർട്ടിൻ, സാവിയോ ഡോമിനിക്, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.