കോട്ടയം : നഗരസഭയുടെ 30, 31 വാർഡുകൾ ഉൾപ്പെടുന്ന മൂലവട്ടം മേഖലയിൽ ഏഴുപേർക്ക് കൂടി കൊവിഡ്. ചിങ്ങവനം സ്വദേശിയിൽ നിന്ന് സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം പടർന്ന മേഖലയിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഏഴു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. 105 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13 ആയി. ഇതിൽ ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് തീവ്രപരിചരണ വിഭാഗത്തിലാണ്. ആന്റിജൻ പരിശോധനാ ഫലം വന്നതോടെ മണിപ്പുഴ മേഖലയിൽ സ്ഥിതി സങ്കീർണമായിരിക്കുകയാണ്. റോഡിനിരുവശവുമായി രണ്ടു വാർഡുകളിൽപ്പെട്ട വീടുകളിലാണു രോഗം വ്യാപകമായി സ്ഥിരീകരിച്ചത്.