ചങ്ങനാശേരി : പായിപ്പാടും ചങ്ങനാശേരി മാർക്കറ്റ് കേന്ദ്രീകരിച്ച് സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയിലാഴ്ത്തുന്നു. ചങ്ങനാശേരി മേഖലയിൽ ഏഴ് ദിവസങ്ങളിലായി 106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജാഗ്രതക്കുറവും പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയുമാണ് കൊവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയാക്കിയത്. ചങ്ങനാശേരിയിലും പായിപ്പാടും രോഗം വർദ്ധിച്ചത് മത്സ്യക്കച്ചവടക്കാരിൽ നിന്നുമുള്ള സമ്പർക്കം മൂലമാണ്.
കഴിഞ്ഞ ദിവസം പായിപ്പാട് നടന്ന ആന്റിജൻ ടെസ്റ്റിൽ നൂറ് കണക്കിന് ആളുകളാണെത്തിയത്. കൂടുതലായി രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം പരിശോധനയിൽ പങ്കെടുത്താൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തെ തുടർന്ന് പലരും മടങ്ങി. നാളെ നടക്കുന്ന പരിശോധനയിൽ കൂടുതൽ ആളുകൾ വീണ്ടും എത്താൻ സാദ്ധ്യതയുണ്ട്. പായിപ്പാട് മത്സ്യമാർക്കറ്റിൽ ഇതുവരെ നടന്ന പരിശോധനയിൽ 46 പേർക്കണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് ക്ലസ്റ്ററായി പ്രഖ്യാപിച്ചത്.
വ്യാപാരസ്ഥാപനങ്ങൾ ഇന്ന് തുറക്കും
കർശന നിയന്ത്രണത്തോടെ ചങ്ങനാശേരി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്നും, മാർക്കറ്റ് നാളെ മുതലും തുറക്കാൻ തീരുമാനമായി.
പഴം പച്ചക്കറി കടകൾ
രാവിലെ 7 മുതൽ 2 വരെ
മാർക്കറ്റ് ഭാഗത്തെ മറ്റു കടകൾ
രാവിലെ 7 മുതൽ 10 വരെ ചരക്ക് ഇറക്ക് നടത്താം
രാവിലെ 10 മുതൽ 2 വരെ കച്ചവടം നടത്താം
കവല ഭാഗത്തെ കടകൾ
രാവിലെ 7 മുതൽ 2 വരെ
നിബന്ധനകൾ
ഒരു സമയത്ത് കടയിൽ 5 പേരിൽ കൂടുതൽ കൂടരുത്
മാസ്‌ക് നിർബന്ധം, സാമൂഹിക അകലം പാലിക്കണം
സാനിറ്റൈസർ, വെളളം സോപ്പ് എന്നിവ കടയുടെ മുൻവശത്ത് സ്ഥാപിക്കണം
പച്ചക്കറി ,പലചരക്ക്, സ്റ്റേഷനറി കടകൾ മുൻകൂട്ടി ഓർഡർ വാങ്ങി സാധനങ്ങൾ എത്തിച്ചു നൽകണം
തിരക്ക് കഴിവതും ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തി പ്രവർത്തിക്കണം
സമയം പാലിക്കാത്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും