rupee

കോട്ടയം : കൊവിഡിന്റെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാരെ പിഴിയുന്നതായി പരാതി. ബജാജ് , ടി.വി.എസ് ഫിനാൻസ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും, അമിതമായി പിഴ ഈടാക്കുകയും ചെയ്യുന്നത്. ഇതിനെതിരെ പരാതി നൽകിയാൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ജീവനക്കാർ നിസഹായരാണ്.

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ റിസർവ് ബാങ്ക് എല്ലാ വിധ വായ്‌പകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് ധനകാര്യ സ്ഥാപനങ്ങൾ ഭീഷണിയുമായി രംഗത്ത് ഇറങ്ങിയത്. മോറട്ടോറിയം കാലാവധിയായ മൂന്നു മാസം ചെക്ക് ബൗൺസ് ആയതിനുള്ള പിഴയായ 500 രൂപ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഭീഷണി ശക്തമായതോടെ നാട്ടുകാരിൽ പലരും പൊലീസിൽ പരാതിയുമായി എത്തിയിട്ടുണ്ട്.

ഗുണ്ടകളും സജീവം

കൊവിഡിനെ തുടർന്ന് പലരും ജോലിയില്ലാതെ വലയുകയാണ്. എന്നാൽ ഇത് മനസിലാക്കാതെ അസഭ്യം വിളിയുമായി പിരിവുകാരായ ഗുണ്ടാസംഘങ്ങളും സജീവമാണ്. മൊബൈൽ ഫോൺ മുതൽ വാഹനങ്ങൾ വരെ മാസത്തവണയിലൂടെ അടയ്ക്കുന്നവരാണ് കൂടുതലും.

കേട്ടാൽ അറയ്ക്കുന്ന തെറി

അമ്മയുടെ പേരിലാണ് ബജാജ് ഫിനാൻസിൽ നിന്ന് സാധനം വാങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചയാൾ കേട്ടാൽ അറയ്ക്കുന്ന തെറിയാണ് പറയുന്നത്. പരാതി നൽകിയാലും നടപടി ഉണ്ടാകാറില്ല.

അനീഷ് കുമാർ, കുമരകം