പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് സ്വാതന്ത്ര്യസമര സ്മാരകമായി നവീകരണം നടത്തുന്ന രാജേന്ദ്രമൈതാനത്തിന്റെ നിർമ്മാണം വിവാദത്തിലേക്ക്. ദേശീയപാതയുടെയും പഞ്ചായത്ത് റോഡിന്റെയും ഇടയ്ക്കുള്ള മൈതാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിലവിലുള്ള നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ആരോപണം.

25 ലക്ഷം രൂപയുടെ നവീകരണമാണ് നടത്തുന്നത്. മിനിലോറി പാർക്കിംഗ് മൈതാനമായ രാജേന്ദ്രമൈതാനത്ത് സ്ഥിരം വേദി, മൈതാനമാകെ മേൽക്കൂര, കവാടം തുടങ്ങിയവയാണ് നിർമ്മിക്കുന്നത്.

ദേശീയപാതയിൽ നിന്നും മൈതാനത്തിന്റെ ഒരുവശത്തെ ടൗൺഹാൾ റോഡിൽ നിന്നും ആവശ്യമായ ദൂരപരിധി പാലിക്കാതെയാണ് നിർമാണമെന്നാണിപ്പോൾ ആക്ഷേപമുയരുന്നത്. ദേശീയപാതയുമായുള്ള ദൂരപരിധി പാലിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ദേശീയപാതാവിഭാഗത്തിന് പരാതി നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയും നിർമ്മാണത്തെക്കുറിച്ച് ആരോപണങ്ങൾ പ്രചരിക്കുന്നുണ്ട്.

സ്വാതന്ത്ര്യസമര സ്മാരകം പൊൻകുന്നത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നതാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ പറഞ്ഞു. വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ ചട്ടങ്ങളും പാലിച്ചാണ് നിർമ്മാണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അനുമതിയോടെയാണ് നിർമ്മാണം. ദൂരപരിധിയടക്കം എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും ഗിരീഷ്‌കുമാർ വിശദീകരിച്ചു.