തലയോലപ്പറമ്പ് : പെരുവയിലും മൂർക്കാട്ടുപടിയിലും വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. സംഭവത്തിൽ മൂർക്കാട്ടുപടിയിലെ വ്യാപാരിക്ക് 2500 രൂപ നഷ്ടമായി. നില ഷർട്ടും മുണ്ടും ധരിച്ചെത്തിയ മധ്യവയസ്‌കനാണ് കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മൂർക്കാട്ടുപടിയിലെ പലചരക്ക് കടയിൽ എത്തി കുറഞ്ഞ വിലക്ക് സാധനങ്ങൾ നൽകാമെന്ന് ഇയാൾ പറഞ്ഞതിൻ പ്രകാരം കടയുടമ സമീപത്തെ വർക്ക്‌ഷോപ്പിലെ ജീവനക്കാരന്റെ കൈയിൽ പണം കൊടുത്ത് പെരുവയിലേക്ക് പറഞ്ഞയച്ചു. എന്നാൽ പെരുവയിലെ മറ്റൊരു സ്ഥാപനത്തിന്റെ മുന്നിൽ എത്തിയതോടെ തട്ടിപ്പുകാരൻ വർക്കുഷോപ്പുകാരന്റെ കൈയിൽ നിന്നും പണം വാങ്ങിയ ശേഷം സാധനങ്ങൾ കൊണ്ടുപോകാൻ ഓട്ടോ വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഓട്ടോ വിളിക്കാൻ പോയ സമയം നോക്കി തട്ടിപ്പിനെത്തിയ ഇയാൾ മറ്റൊരു ഓട്ടായിൽ കയറി രക്ഷപ്പെട്ടു. മുളക്കുളത്തും സമാന രീതിയിൽ ഇയാൾ തട്ടിപ്പിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ആഴ്ച പെരുവയിലെ കാലിത്തീറ്റ വിൽപ്പനക്കടയിലെത്തി ഉടമസ്ഥനില്ലാത്ത സമയം നോക്കി ജീവനക്കാരനിൽ നിന്നും 12,500 രൂപ വാങ്ങി മുങ്ങിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.