കങ്ങഴ : സെന്റ് തോമസ് എൽ.പി സ്‌കൂളിൽ ഓഫീസ് മുറി കുത്തിപൊളിച്ച് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. എരുമത്തല പെരുങ്കാവുങ്കൽ മുകേഷ് (31) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സ്‌കൂൾ കെട്ടിടത്തിലൂടെ ഒരാൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം സ്‌കൂൾ മാനേജറെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫീസിലെ അലമാരയും മേശകളും തകർത്തനിലയിൽ കണ്ടെത്തി. ഓഫീസ് മുറിയിലെ ടി.വി ഇളക്കി മാറ്റിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കറുകച്ചാൽ പൊലീസ് സമീപത്തെ റബർതോട്ടത്തിൽ നിന്നും മുകേഷിനെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഏതാനും നാളുകൾക്ക് മുൻപ് വെണ്ണിമല ക്ഷേത്രം, കാനം സെന്റ് തോമസ് പള്ളി, കാനം സെന്റ മേരീസ് പള്ളി എന്നിവിടങ്ങളിൽ മോഷണം നടത്തിയതും മുകേഷാണെന്ന് പൊലീസ് പറഞ്ഞു.