covid

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 5 ഗർഭിണികൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഗൈനക്കോളജി വിഭാഗത്തിൽ അതീവ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ഒ.പി വിഭാഗം അടച്ചു. നേരത്തെ 7 ഗർഭിണികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ വിഭാഗത്തിലുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ച അഞ്ചു പേരിൽ രണ്ടുപേർ പ്രസവിച്ചിരുന്നു. അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ വ്യക്തമാക്കി.

കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ കൊവിഡ് രോഗികളായ ഗർഭിണികൾക്ക് മാത്രമായിരിക്കും ചികിത്സ ഉണ്ടായിരിക്കുക. മറ്റ് ഗർഭിണികൾക്ക് കോട്ടയം ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമാവും ചികിത്സ നല്കുക. ഇതിനുള്ള ക്രമീകരണം നടത്തിയതായും സൂപ്രണ്ട് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ മാത്രം മറ്റ് ആശുപത്രികളിൽ നിന്ന് റഫർചെയ്യുന്ന രോഗികൾക്ക് ചികിത്സ നല്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.