കോട്ടയം: പള്ളിക്കത്തോട്ടിൽ നിന്ന് 7 വർഷം മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയിലെ ഹോംസ്റ്റേയിൽ കണ്ടെത്തി. കടബാദ്ധ്യതയെ തുടർന്ന് നാടുവിട്ടതാണെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ് (36), ഭാര്യ റിജ തോമസ് (32) എന്നിവരെയാണ് പള്ളിക്കത്തോട് സി.ഐ ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി.
പള്ളിക്കത്തോട് ബൈപാസ് റോഡിൽ ഹോട്ടൽ നടത്തിവരികയായിരുന്നു ദമ്പതികൾ. ഹോട്ടൽ നടത്തിപ്പിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം പലിശക്ക് എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പണമിടപാട് സ്ഥാപനമുടമ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവർ ആരോടും പറയാതെ നാട് വിട്ടത്. തുടർന്ന് ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്കാണ് പോയത്. അവിടെ 15 ദിവസം കഴിഞ്ഞു.
ടോം തോമസ് നേരത്തെ ഹോം സ്റ്റേയിൽ ജോലിചെയ്തിരുന്നു. ആ പരിചയത്തിലുള്ള ആലപ്പുഴക്കാരനുമായി ധ്യാനകേന്ദ്രത്തിലുണ്ടായിരുന്നപ്പോൾ ടോം ബന്ധപ്പെട്ടു. തുടർന്ന് ധ്യാനകേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങി നേരെ ആലപ്പുഴയിലേക്ക് ബസ് കയറുകയായിരുന്നു.
അവിടെയെത്തി 25 മുറികളും ചെറിയ ഹട്ടുകളുമുള്ള സ്ഥാപനം ഏറ്റെടുത്തു. ആലപ്പുഴയിലെ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമുള്ള ഹോംസ്റ്റേ ചുരുങ്ങിയ കാലം കൊണ്ട് ലാഭത്തിലാക്കി. ഇതോടനുബന്ധിച്ച് ഇരുവരും ചേർന്ന് ചെറിയൊരു ഭക്ഷണശാലയും നടത്തിയിരുന്നു.
ദമ്പതികളെ കാണാതായതോടെ പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഏഴു വർഷം പിന്നിട്ടതോടെ കഴിഞ്ഞദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫോട്ടോകൾ തിരിച്ചറിഞ്ഞ ഒരാളാണ് പൊലീസിന് വിവരം കൈമാറിയത്.