കോട്ടയം : '' ഒരുഗൾഫുകാരൻ കണ്ടക്ടറാകണമെങ്കിൽ അയാളുടെ സിറ്റുവേഷൻ ഇത്തിരി മോശമായിരിക്കുമല്ലോ'' വരവേൽപ്പ് സിനിമയിൽ തിലകന്റെ ലേബർ ഓഫീസർ കഥാപാത്രം ദൈന്യതയോടെ മുരളിയുടെ തൊഴിലാളി നേതാവിനോട് പറയുന്ന ഡയലോഗാണിത്. പതിനാറിൽചിറ- മെഡിക്കൽ കോളേജ് റൂട്ടിലെ ആർച്ച ബസ് ഉടമ സുനിൽകുമാർ കൊവിഡ്കാലത്ത് ഇങ്ങനെ പറയും- ''സിറ്റുവേഷൻ അത്രയ്ക്ക് മോശമായത് കൊണ്ടാണ് ഞാൻ കണ്ടക്ടറും ഡ്രൈവറും ക്ളീനറുമൊക്കെയാകുന്നത് ''!
20 വർഷമായി ബസ് ഉടമയാണ് കാരാപ്പുഴ തൈപ്പറമ്പിൽ ടി.എസ്.സുനിൽകുമാർ. 8000 രൂപ വരെ കളക്ഷൻ ലഭിച്ച ദിവസങ്ങൾ. ജീവനക്കാരെല്ലാം ഹാപ്പി. ഇതിനിടെയാണ് ലോക്ക്ഡൗണായത്. മൂന്ന് മാസത്തേയ്ക്ക് ജി ഫോം കൊടുത്ത് ടാക്സും മറ്റും ഒഴിവാക്കി. ലോക്ക് ഡൗണിന് ശേഷം ബസ് സർവീസ് തുടങ്ങിയെങ്കിലും പകുതിപോലും യാത്രക്കാരില്ല. മനസലിവ് തോന്നിയ ജീവനക്കാർ പാതി ശമ്പളം മാത്രം വാങ്ങി. വീണ്ടും ദുരിതമായതോടെ കിട്ടുന്ന തുക മൂന്നായി വിഭജിച്ചു. ഒടുവിൽ ജീവനക്കാർ ഒരു നിർദേശം വച്ചു. ''സുനിൽ ചേട്ടൻ തന്നെ ഓടിക്കോ. ഞങ്ങൾ ഒഴിവായിക്കോളം''. അങ്ങനെയാണ് ഇന്നലെ മുതൽ ബസിന്റെ ഓൾ ഇൻ ഓളായി സുനിൽ മാറിയത്.
വണ്ടികഴുകി വൃത്തിയാക്കി രാവിലെ 7.30 ന് പതിനാറിൽച്ചിറയിൽ നിന്ന് പുറപ്പെടും. പുറപ്പെടുന്നതിന് മുൻപ് കയറിയ ആളുകൾക്ക് ടിക്കറ്റ് നൽകും. യാത്രയ്ക്കിടെ സ്റ്റോപ്പുകളുണ്ടെങ്കിലും ആളുകൾ കയറുന്നത് കുറവാണ്. ഇടയ്ക്ക് കയറുന്നവർ ഡ്രൈവർ സീറ്റിനരികിൽ എത്തി പണം നൽകും. മുഴുവൻ സീറ്റുകളിൽപോലും ഇരിക്കാൻ ആളില്ലാത്തതിനാൽ എല്ലാവരേയും ശ്രദ്ധിക്കാം. മെഡിക്കൽ കോളേജിലേയ്ക്കുള്ള സർവീസ് അവസാനിപ്പിച്ച് കോട്ടയംവരെയാക്കി. ഇന്നലെ ഉച്ചവരെ ഓടിയിട്ടും ആയിരം രൂപ തികച്ച് കിട്ടിയിട്ടില്ല. ഇൻഷ്വറൻസും ടാക്സിനുമായി ദിവസവും അഞ്ഞൂറ് രൂപ വേണം. അതൊന്നുമില്ലെങ്കിലും വീട്ടുചെലവിനുള്ളതെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് സുനിലിന്റെ അറ്റകൈ പ്രയോഗം.
'' ജീവിക്കാൻ മറ്റൊരു വഴിയുമില്ലാതെയാണ് ഞാൻ പുതിയ വേഷമിടുന്നത്. ഡ്രൈവിംഗ് നേരത്തെ അറിയാമായിരുന്നു. കണ്ടക്ടർ ലൈസൻസ് എടുത്തത് ഇപ്പോൾ പ്രയോജനപ്പെട്ടു''
സുനിൽ കുമാർ