muttamblama

തഹസിൽദാർ വാഗ്ദാനലംഘനം നടത്തിയെന്ന്

കോട്ടയം : കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം പ്രതിഷേധത്തിനൊടുവിലും നഗരസഭ വക ശ്മശാനത്തിൽ സംസ്കരിച്ചതിനെ ചൊല്ലി രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. മൃതദേഹം വച്ച് കോൺഗ്രസും, ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ആരോപിച്ചപ്പോൾ വാസവനെ അവിടെങ്ങും ആദ്യം കണ്ടില്ലെന്നും അവസാനമെത്തി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തിരിച്ചടിച്ചു. സംസ്കാരം മാറ്റിവെച്ചതായറിയിച്ച് മടങ്ങിയ താൻ ഇരുട്ടിന്റെ മറവിൽ സംസ്കാരം നടത്തിയ വിവരം പത്രം വായിച്ചാണറിഞ്ഞതെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ഇക്കാര്യത്തിൽ തഹസിൽദാർ നടത്തിയത് വാഗ്ദാനലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൃതദേഹം രഹസ്യമായി സംസ്കരിക്കാൻ ശ്രമിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയതെന്നായിരുന്നു സമരത്തിന് നേതൃത്വം നൽകിയ ബി.ജെ.പി കൗൺസിലർ ടി.എൻ.ഹരികുമാർ പറഞ്ഞു. കോൺഗ്രസ് - ബി.ജെ.പി ജനപ്രതിനിധികളെ അറിയിക്കാതെ ജില്ലാഭരണകൂടം സംസ്കാരം നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്.

സ്വീകരിച്ചത് മനുഷ്യത്വപരമായ നിലപാട്

മനുഷ്യത്വപരമായ നിലപാടാണ് താൻ സ്വീകരിച്ചത്. തങ്ങൾ രണ്ടാഴ്ച ക്വാറന്റൈനിൽ പോയി കൂലി വേല ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുമോ എന്ന പേടിയായിരുന്നു ജനങ്ങൾക്ക്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ഇനി കൊണ്ടു വരരുതെന്ന ജനങ്ങളുടെ ആവശ്യം തഹസിൽദാറും അംഗീകരിച്ചിട്ടാണ് നാട്ടുകാർ ഉറങ്ങിയപ്പോൾ സംസ്കാരം നടത്തിയത്. പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസുമെടുത്തു. റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമ പ്രവർത്തകർക്കെതിരെയും കേസെടുത്തെന്നാണറിഞ്ഞത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

നാണംകെട്ട കുപ്രചരണം

അനാവശ്യ സമരത്തിലേക്ക് മുട്ടമ്പലം നിവാസികളെ തള്ളിവിടാൻ ബി.ജെ.പിയും കോൺഗ്രസും നാണം കെട്ട കുപ്രചരണം നടത്തി. പൂന്തുറയുടെ ഒരു പതിപ്പ് നടത്തി ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണ് ഉണ്ടായത്. മതത്തിന്റെ പേരിൽ വികാരമിളക്കാൻ നോക്കി ഇതൊന്നും പൊതുപ്രവർത്തകർ ചെയ്യാൻ പാടില്ലാത്തതാണ്.

വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി

മൃതദേഹത്തെ അപമാനിച്ചിട്ടില്ല

നാല് സെന്റ് സ്ഥലത്താണ് ശ്മശാനം. ചുറ്റും 52 കുടുംബത്തിലുള്ള 300 ജനങ്ങളുണ്ട്. അവരുടെ സുരക്ഷ നോക്കണമായിരുന്നു. മൃതദേഹത്തെ അപമാനിച്ചിട്ടില്ല. നേരത്തേ ബോധവത്ക്കരണം നടത്താതെ ജനങ്ങളുടെ പ്രതിഷേധത്തിനിടയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നടത്താൻ ശ്രമിച്ചതാണ് എതിർത്തത്.

ടി.എൻ.ഹരികുമാർ, ബി.ജെ.പി കൗൺസിലർ