തലയോലപ്പറമ്പ്: കൊവിഡ് രോഗ വ്യാപനം തടയാൻ തലയോലപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പൊലീസ്, പഞ്ചായത്ത്, റവന്യൂ, ആരോഗ്യ വകുപ്പ് ,വിവിധ വ്യാപാരി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ടൗണിലും ടൗണിന് ചുറ്റുമായുള്ള ഇല്ലിത്തൊണ്ട് ഇംഗ്ഷൻ, സിംല ജംഗ്ഷൻ, പാലാംകടവ് താഴപ്പള്ളി ഭാഗം, സിലോൺ കവല ജംഗ്ഷൻ എന്നിവിടങ്ങളിലെ ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, ആശുപത്രി, സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതൽ ആഗസ്റ്റ് 1 വരെ രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെയാകും പ്രവർത്തിക്കുക. പ്രദേശത്തെ തട്ടുകടകളുടെ പ്രവർത്തനം പൂർണ്ണമായി നിരോധിച്ചു. ഹോട്ടലുകളിൽ ഉച്ചയ്ക്ക് 2 ന് ശേഷം രാത്രി 9 വരെ പാഴ്‌സൽ അനുവദിക്കും.