chalachira

അടിസ്ഥാനസൗകര്യങ്ങളില്ലാതെ ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രം

ചങ്ങനാശേരി: പേരിൽ കുടുംബാരോഗ്യകേന്ദ്രം. ശൗചാലയമില്ല,കുടിവെള്ളമില്ല,ഇരിക്കാൻ ഉറപ്പുള്ള കസേരയില്ല... ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥ ഇപ്പോൾ എന്തെന്ന് വ്യക്തമാണ്. അമ്പതുവർഷത്തിലധികമായി ചാലച്ചിറയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രം അവഗണനയുടെ പടുകുഴിയിലാണ്. നിലവിലുള്ള ശൗചാലയം ഉപയോഗശൂന്യമായി കാടുകയറിയ നിലയിലാണ്. മുൻപ് ഇവിടെ ഒരു കുഴൽകിണർ കുഴിച്ചെങ്കിലും വെള്ളം ലഭിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചിരുന്നു. ഇവിടെ ചികിത്സയ്ക്കായി എത്തുന്ന ഗർഭിണികളും കുട്ടികളും പ്രാഥമികകാര്യങ്ങൾക്കായി സമീപത്തുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമീപവീട്ടുകാർക്ക് ഇത് ബുദ്ധിമുട്ടായിരിക്കുകയാണ്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളിലെ ജനങ്ങളാണ് ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നത്. രണ്ടു വർഷം മുൻപ് മൂന്നരലക്ഷം രൂപ മുടക്കി കെട്ടിടം പുതുക്കിപ്പണിതെങ്കിലും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കോമ്പൗണ്ടിൽ ഒരു ഓവർഹെഡ് ടാങ്ക് സ്ഥാപിച്ചെങ്കിലും അതും നോക്കുകുത്തിയായി.

പ്രാഥമിക ആരോഗ്യകേന്ദ്രമാക്കണം

പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന സചിവോത്തമപുരം ഗവ. ആശുപത്രിയെ സാമൂഹിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തിയ സാഹചര്യത്തിൽ കുറിച്ചി ഗ്രാമപഞ്ചായത്തിൽ നിലവിൽ പി.എച്ച്.സിയില്ല. ഈ സാഹചര്യത്തിൽ ചാലച്ചിറ കുടുംബക്ഷേമകേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്ന് ഇത്തിത്താനം വികസനസമിതി ഭാരവാഹികളായ പ്രസന്നൻ ഇത്തിത്താനം,ബിജു എസ്. മേനോൻ,ബാബു മണത്തുരുത്തി എന്നിവർ ആവശ്യപ്പെട്ടു.