പൊൻകുന്നം: പാട്ടുപാറയിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി അട്ടിക്കൽപാട്ടുപാറതമ്പലക്കാട് റോഡിലെ പഴയപാലം പൊളിച്ചു. അൻപതുവർഷം മുൻപ് നിർമ്മിച്ച ചെറിയ പാലം അപകടാവസ്ഥയിലായിരുന്നു. ഇവിടെ റോഡും പൂർണമായി തകർന്ന നിലയിലാണ്. പാലം പുനർനിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും റോഡിന്റെ അറ്റകുറ്റപ്പണിക്ക് 13 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നതെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ.പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. വീതിയേറിയ പാലം യാഥാർത്ഥ്യമാകുന്നതോടെ പാട്ടുപാറ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകും. ചിറക്കടവ് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലൂടെയാണ് പാട്ടുപാറ റോഡ് കടന്നുപോകുന്നത്. റോഡിന്റെയും പാലത്തിന്റെയും ശോച്യാവസ്ഥ മൂലം ബസ് സർവീസുകൾ വർഷങ്ങൾക്ക് മുമ്പേ നിലച്ചിരുന്നു.