കറുകച്ചാൽ: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു. കങ്ങഴ ശ്രായിപ്പള്ളി കോമല സിബി (52)നാണ് പരിക്കേറ്റത്. സംഭവത്തിൽ ഇയാളുടെ സഹോദരൻ വർഗീസ് ജോൺ (സജി47)നെ കറുകച്ചാൽ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ ഏറെ നാളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. പ്രകോപിതനായ വർഗീസ് മീൻ വെട്ടുന്ന കത്രികയുമായി സിബിയുടെ പുറത്ത് ആഴത്തിൽ കുത്തുകയായിരുന്നു. ഇതിനിടെ സിബി അയൽവാസിയുടെ വീട്ടുമുറ്റത്ത് വീണു. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവ ശേഷം ഓടി രക്ഷപെട്ട വർഗീസിനെ കറുകച്ചാൽ പൊലീസ് സമീപത്തെ റബർതോട്ടത്തിൽ നിന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.