അടിമാലി: 2018ലെ പ്രളയത്തിൽ തകർന്ന അടിമാലി കുമളി ദേശിയപാതയുടെ ഭാഗമായ പനംകുട്ടി പവർഹൗസിന് മുൻഭാഗത്തെ റോഡ് പുനർനിർമ്മിക്കാൻ നടപടയില്ല. നിലവിൽ ഒരു വാഹനത്തിന് കടന്നുപോകാൻ തക്ക വിസ്താരമെ പാതക്കുള്ളു.കഴിഞ്ഞ രണ്ട് വർഷമായി ബലക്ഷയം സംഭവിച്ച ഈ ഭാഗത്തു കൂടിയാണ് വാഹനഗതാഗതം നടന്നു വരുന്നത്.ദേശിയപാതയുടെ ഭാഗമായിട്ട് കൂടി തകർന്ന ഭാഗത്ത് പുനർനിർമ്മാണം നടത്താത്തത് അവഗണനയാണെന്ന് വാഹനയാത്രികർ പറയുന്നു.നേരിയ വളവോട് കൂടിയ ഭാഗത്താണ് പാതക്ക് വീതി നഷ്ടപ്പെട്ടിട്ടുള്ളത്.വിസ്താരക്കുറവ് അറിയാതെ ഇതുവഴിയെത്തുന്ന വാഹനയാത്രികർ പലപ്പോഴും തലനാരിഴക്കാണ് അപകടത്തിൽ നിന്നും ഒഴിവായിപ്പോകുന്നത്.പ്രളയ സമാനമായി വീണ്ടും പുഴയിൽ വെള്ളമുയർന്നാൽ റോഡ് കൂടുതലായി ഇടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.താൽക്കാലികമായി ഇടിഞ്ഞ് പോയ ഭാഗത്തെ അപകട സാദ്ധ്യത സൂചിപ്പിച്ച് പ്രദേശത്തൊരു മുന്നറിയിപ്പ് ബോഡെങ്കിലും സ്ഥാപിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നു.