ettumanoor

കോട്ടയം: ഏറ്റുമാനൂരിൽ സ്ഥിതി കൈവിട്ട് പോയതോടെ രോഗികളെ കണ്ടെത്താൻ വ്യാപകമായി ആന്റിജൻ പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഏറ്റുമാനൂർ ക്ലസ്റ്ററിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വ്യാപകമായി രോഗപരിശോധന നടത്തുക.

മറ്റു മേഖലകളിൽനിന്ന് വ്യത്യസ്തമായി ഏറ്റുമാനൂർ ക്ലസ്റ്ററിൽ രോഗം സ്ഥീരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ലാത്തതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിലവിലുള്ള പരിശോധനാ സംവിധാനം കൂടുതൽ വികേന്ദ്രീകരിക്കും. രോഗവ്യാപ്തി വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക്ക് ഡൗൺ നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റുമാനൂർ ക്ലസ്റ്റർ മേഖലയിലെ എല്ലാ വാർഡുതല സമിതികളും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെ പ്രവർത്തിക്കണം. രോഗം സ്ഥിരീകരിച്ച പലർക്കും കൊവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്നത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മുറയ്ക്ക് മുൻകരുതലുകൾ സ്വീകരിച്ച് പരിശോധനയ്ക്ക് ആളുകളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മേഖലയിൽ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉൾപ്പെടെ വാർഡ്തല സമിതിയുടെ ഇടപെടൽ അനിവാര്യമാണെന്നും യോഗം നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ യോഗത്തിൽ ഏറ്റുമാനൂരിലും ജില്ലയിൽ പൊതുവിലുമുള്ള സാഹചര്യം കളക്ടർ എം. അഞ്ജന വിശദീകരിച്ചു.

ഏറ്റുമാനൂർ ക്ളസ്റ്റർ

നഗരസഭയിൽ കണ്ടെയ്ന്റ്മെന്റ് സോണുകളായ 4, 27 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളും കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുന്നതാണ് ക്ലസ്റ്റർ.

'' പ്രാദേശിക തലത്തിലോ, ജില്ലാ തലത്തിലോ സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ ലോക്ക് ഡൗണിനുള്ള നിർദേശമാണ് നൽകിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശോധന വ്യാപമാക്കും''

പി.തിലോത്തമൻ

പ്രതിസന്ധി

 രോഗം സ്ഥിരീകരിച്ചവർക്ക് ലക്ഷണങ്ങളില്ല

 എത്രപേരിലേയ്ക്ക് പടർന്നെന്ന് അറിയില്ല

ഏറ്റുമാനൂർ മാർക്കറ്റിലെ സ്ഥിതി സങ്കീർണം