
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയും അതിലൊരാൾ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വെറുതെ വിട്ടു. വാളയാറിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായി ജീവനൊടുക്കിയതിന് സമാനമായ സംഭവത്തിലാണ് നാലു പ്രതികളെയും വിട്ടയച്ചത്. ഒന്നാം പ്രതി വൈശാഖ്, രണ്ടാം പ്രതി അജ്മൽ, മൂന്നാം പ്രതി അൻസർ, നാലാം പ്രതി നഹാസ് എന്നിവരെയാണ് പ്രത്യേക പോക്‌സോ കോടതി വിട്ടയച്ചത്.
2014 ആഗസ്റ്റ് 14 നായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വാഗമണ്ണിലും മറ്റും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചെന്നാണ് കേസ്. മാനസികമായി തകർന്ന പെൺകുട്ടികൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ച് കോളയിൽ സയനൈഡ് കലർത്തി കഴിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് മരിച്ചു. മറ്റെയാളെ ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടു. പ്രോസിക്യൂഷൻ 50 സാക്ഷികളെ ഹാജരാക്കുകയും 46 രേഖകൾ സമർപ്പിക്കുകയും ചെയ്തെങ്കിലും പ്രതികളെ ശിക്ഷിക്കും വിധമുള്ള തെളിവുകൾ നിരത്തുന്നതിൽ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അഭിഭാഷകരായ കെ.എസ് ആസിഫ്, ഹാരിസ്, ഷാമോൻ എന്നിവർ പ്രതികൾക്ക് വേണ്ടി ഹാജരായി.
പ്രോസിക്യൂഷന്റെ വീഴ്‌ചകൾ
രക്ഷപ്പെട്ട പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവു കണ്ടെത്താൻ കഴിഞ്ഞില്ല.
മരിച്ച പെൺകുട്ടിയും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നു തെളിയിക്കാനായില്ല
പെൺകുട്ടികളെ പീഡിപ്പിച്ചതിന് പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ല
പ്രണയ ലേഖനം മരിച്ച പെൺകുട്ടിയാണ് എഴുതിയതെന്ന് തെളിയിക്കാൻ സാധിച്ചില്ല