ഉരുളികുന്നം: ഷാജുവിന്റെ പണിപ്പുരയിലെത്തിയാൽ ഓട്ടുപാത്രക്കടയിലെത്തിയ പ്രതീതിയാണ്. ഒറിജിനൽ ഓട്ടുപാത്രങ്ങളെന്നു തോന്നിക്കുന്ന നിർമ്മിതിയാണ് ഷാജുവിന്റെ കരവിരുതിൽ പിറക്കുന്നത്. ഉപയോഗശൂന്യമായ ടയറുകളാണ് പാത്രങ്ങളായി മാറുന്നത്. ലോക്ഡൗൺ മൂലം ജോലി ചെയ്യാൻ സാധിക്കാതെ വന്നപ്പോഴാണ് ഉപയോഗശൂന്യമായി കിടന്ന ടയറുകൾ രൂപമാറ്റം വരുത്തി പാത്രങ്ങളാക്കാൻ ഓട്ടോ ഡ്രൈവർ കൂടിയായ അപ്പു എന്ന ഷാജു മുതിർന്നത്.
ഉരുളികൾ, വാർപ്പ്, ചെടിച്ചട്ടികൾ, മീൻ വളർത്താനുള്ള പാത്രങ്ങൾ എന്നിവയാണ് ഷാജു ടയറിൽ നിർമ്മിക്കുന്നത്. കാർ, സ്‌കൂട്ടർ തുടങ്ങിയവയുടെ ടയർ ഉപയോഗിച്ചാണ് നിർമ്മാണം. ടയറിന്റെ ഒരു ഭാഗം കത്തി ഉപയോഗിച്ച് മുറിക്കുന്നു. തുടർന്ന് ടയർ തിരിച്ച് അടിയിൽ ഓട്ടോയുടെ മാറ്റ് മുറിച്ച് ഒട്ടിച്ച്, സ്‌ക്രൂ ചെയ്ത് ബലപ്പെടുത്തും. ഓടിന്റെ നിറം കൂടി കൊടുക്കുന്നതോടെ പാത്രം തയ്യാർ. പാത്രത്തിന്റെ പിടി ഉൾപ്പടെയുള്ളതും മാറ്റിൽ തന്നെ രൂപപ്പെടുത്തും. ആനിമേഷൻ വിദ്യാർത്ഥിയായ മകൻ ശിവകുമാറാണ് ഷാജുവിന്റെ സഹായി.ഭാര്യ ഷൈനിയും മകൾ പാർവതിയും ഒഴിവ് സമയങ്ങളിൽ സഹായികളാകും.