അടിമാലി: പണം അനുവദിച്ചിട്ടും മെഴുകുംചാൽ ഇരുന്നൂർ ഏക്കർ റോഡ് നിർമ്മാണം പാതി വഴിയിൽ .കഴിഞ്ഞ ഒരു വർഷം മുൻപ് പൊതുമരമാത്ത് വകുപ്പ് ഈ റോഡിനായി 10 കോടി അനുവദിച്ചിരുന്നു. ചീയപ്പാറയ്ക്ക് സമീപം ആറാം മൈലിൽ നിന്ന് പഴമ്പള്ളിച്ചാൽ, ഇരുമ്പുപാലം, മെഴുകുംചാൽ വഴി ഇരുന്നൂർ ഏക്കർ വരെയുള്ള റോഡിനുവേണ്ടിയാണ് ഈ തുക അനുവദിച്ചത്. ആറാം മൈൽ മുതൽ ഇരുമ്പുപാലം വരെയുഉള്ള ഭാഗം ടാറിംഗ് ജോലികൾ നടത്തി.ശേഷിക്കുന്ന 12 കിലോമീറ്റർ ഭാഗത്തെ നിർമ്മാണ ജോലികളാണ് തടസ്സപ്പെട്ടത്.കൊച്ചി ധനുഷ് കോടി ദേശിയ പാതയ്ക്ക് സമാന്തരമായി ആറാം മൈൽ മുതൽ അടിമാലി വരെയുമുള്ള പാതയാണ് ഇതെന്ന സവിശേഷതയും ഉണ്ട്. കാർഷിക മേഖലയിലൂടെ ആണ് ഈ റോഡ് കടന്നു പോകുന്നത്. വർഷങ്ങളായി തകർന്നു കിടക്കുകയാണ് ഈ റോഡ് .ഇതു വഴിയുള്ള ഗതാഗതവും കാൽനട യാത്രയും ദുരിതമായി മാറിയിരിക്കുകയാണ്.