cards

കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ റെയ്ഡിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കേസ് അട്ടിമറിക്കാൻ ക്ലബ് സെക്രട്ടറി മാലം സുരേഷുമായി ചേർന്ന് മണർകാട് ഇൻസ്‌പെക്ടർ രതീഷ്‌കുമാർ ശ്രമിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് വിശദമായി അന്വേഷിക്കുന്നത്.

ഇന്നലെ രണ്ട് ഇൻസ്‌പെക്‌ടർമാർ അടക്കം 20 പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ശേഖരിച്ചത്. എല്ലാവരും റെയ്ഡിൽ നടന്ന കാര്യങ്ങൾ കൃത്യമായി മൊഴി നൽകി. ഇനി പിടിയിലായ 43 പേരുടെ മൊഴി രേഖപ്പെടുത്തും. ഇവരോടു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ . കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇവരുടെ മൊഴിയെടുക്കുന്നത് വൈകും. ഇത് കേസ് അന്വേഷണത്തെ ബാധിച്ചേക്കും.

രതീഷിനെതിരെ നടപടി വൈകുന്നു

സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്‌കുമാറിനെതിരെ നടപടി വൈകുകയാണ്. പൊലീസിനെ രതീഷ് ഒറ്റിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. രണ്ടു ദിവസം മുൻപാണ് അന്വേഷണ റിപ്പോർട്ട് കൊച്ചി റേഞ്ച് ഡി.ഐ.ജിയ്‌ക്ക് സമർപ്പിച്ചത്.