ചങ്ങനാശേരി : കഴിഞ്ഞ ഒൻപത് ദിവസങ്ങളിലായി മേഖലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 140ലേക്ക് ഉയർന്നു. ചങ്ങനാശേരി നഗരസഭയിൽ ഏഴ്, കുറിച്ചി നാല്, പായിപ്പാട് രണ്ട്, തൃക്കൊടിത്താനം രണ്ട്, വാഴപ്പള്ളി രണ്ട് എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. നഗരസഭയിലെ 37 വാർഡിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കുരിശുംമൂട്ടിലെ എഫ്.എൽ.ടി കേന്ദ്രമായ മീഡിയാവില്ലേജിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച്ച ഇതേ വീട്ടിലെ മത്സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ കഞ്ഞിക്കുഴിയിലുള്ള ചികിത്സാ കേന്ദ്രത്തിലാണ് . 24 വാർഡിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേ വീട്ടിലേ നാല് പേർക്ക് മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ആർ.ടി.സി.പി.ആർ , ആന്റി ജൻ പരിശോധന തുടരും. ചങ്ങനാശേരി മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെയും ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കും. മാടപ്പള്ളി പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നത് നീളുകയാണ്. പഞ്ചായത്തിൽ 15, 16, 17, 18, 19 വാർഡുകളിലായി 5 കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ രണ്ടു പേരുടെ സമ്പർക്കപ്പട്ടികയിൽ മുന്നൂറോളം പേരുണ്ട്. തെങ്ങണയിലും മാടപ്പളളി ബ്ലോക്ക് ജംഗ്ഷനിലുള്ള സ്‌കൂളുകളിലുമായാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്. പരിശോധന ഫലം ലഭിക്കുന്നത് വരെ പ്രദേശത്തെ കടകൾ അടപ്പിച്ച് കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുണ്ട്. പ്രദേശത്ത് വഴിയോരക്കച്ചവടവും നിരോധിച്ചിട്ടുണ്ട്. പായിപ്പാട് മാർക്കറ്റിൽ നാളെ ആർ.ടി.പി.സി.ആർ പരിശോധന നടക്കും.