കോട്ടയം: ജില്ലയുടെ പല ഭാഗങ്ങളിലും കൊവിഡ്-19 പടരുകയാണ്. മുൻകരുതലുമായി ജില്ലാ ഭരണകൂടം രംഗത്തുണ്ട്. ജനങ്ങൾ അതീവശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ഏറ്റുമാനൂർ, ചങ്ങനാശേരി, അതിരമ്പുഴ മാർക്കറ്റ് എന്നിവിടങ്ങളിലാണ് കൂടുതലും രോഗികൾ. അതേസമയം പാറത്തോട്ടിൽ വീണ്ടും വൈറസ് ബാധ എത്തിയത്.
ജനങ്ങളിൽ ഭയാശങ്ക വളർത്തിയിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 7 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ 1045 പേർക്കാണ് രോഗം ബാധിച്ചത്. 487 പേർ രോഗമുക്തരായി.
ജില്ലയിൽ പല ഭാഗങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. ഏറ്റുമാനൂരിൽ രണ്ടു ദിവസം കൊണ്ട് രോഗികളുടെ എണ്ണം 45ആയി ഉയർന്നു. അതിരമ്പുഴ ചന്ത ഭാഗത്ത് 6 പേർക്ക് രോഗം ബാധിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു.ഇന്നലെ ഒറ്റദിവസം 118 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതിൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
രോഗം രൂക്ഷമായതോടെ ഏറ്റുമാനൂർ അതീവ ജാഗ്രതയിലാണ്. ഏറ്റുമാനൂർ ക്ലസ്റ്ററിൽ വ്യാപകമായി രോഗ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. കൊവിഡ് ലക്ഷണമില്ലാത്തവരിലാണ് രോഗം കണ്ടെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഇവിടെ ആന്റിജൻ, ആർ.ടി.പി.സി പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ 4 പേർക്ക് കൊവിഡ് കണ്ടെത്തി. ആരോഗ്യ പ്രവർത്തകരിൽ രോഗം വർധിച്ചതോടെ ഇതിനെ മറികടക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ് ആരോഗ്യവകുപ്പ്. ഇതുവരെ 89 ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ ഉണ്ടായത്. 78 ഡോക്ടർമാർ ക്വാറന്റൈനിലാണ്.
അതേസമയം, കോട്ടയം ജനറൽ ആശുപത്രി സമ്പൂർണ കൊവിഡ് ആശുപത്രിയാക്കാൻ ആലോചിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിക്കഴിഞ്ഞു. സാധാരണ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ കൊവിഡ് രോഗി എത്തിപ്പെട്ടാൽ രോഗം ഇല്ലാത്തവർക്കും പിടിപെടാനുള്ള സാദ്ധ്യത കണക്കാക്കിയാണ് പുതിയ സംവിധാനം ഏർപ്പെടുത്താൻ ആലോചന. ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം തൊട്ടടുത്തുള്ള സെന്റ് ആൻസ് സ്കൂളിലേക്ക് മാറ്റാനാണ് ആലോചന മുറുകുന്നത്.