കോട്ടയം: കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്കരിക്കാൻ സർക്കാർ ആശുപത്രികളോട് ചേർന്ന് പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയത്ത് ജനവാസകേന്ദ്രത്തിലെ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ നാട്ടുകാർ അനുവദിക്കാതിരുന്നത് വിവാദമായതോടെയാണിത്.
മെഡിക്കൽ കോളേജ് ,താലൂക്ക് ആശുപത്രികളോട് ചേർന്ന് എല്ലാ ജില്ലകളിലും മാലിന്യ സംസ്കരണ സംവിധാനവുമുണ്ട്. ഇവിടെ വൈദ്യുതി ശ്മശാനം കൂടി ഉണ്ടായാൽ ജനവാസകേന്ദ്രങ്ങളിൽ ഉണ്ടാവാറുള്ള എതിർപ്പ് ഒഴിവാക്കാം. കോട്ടയത്ത് മുൻസിപ്പൽ ശ്മശാനത്തിലെ ശവമടക്കിനെ ചൊല്ലി എതിർപ്പ് ഉയർന്നതോടെ മെഡിക്കൽ കോളേജ് വളപ്പിൽ സംസ്കരിക്കാൻ ഉദ്യോഗസ്ഥ, രാഷ്ടീയ തലത്തിൽ ആലോചന ഉണ്ടായി. സ്ഥിരം സംവിധാനം മെഡിക്കൽ കോളേജിൽ വേണമെന്ന ആവശ്യവുമുണ്ടായി. നാനൂറ് ഏക്കറോളമുള്ള മെഡിക്കൽ കോളേജിൽ സ്വാഭാവിക വനപ്രദേശം വരെയുണ്ട്. ആരുടെയും എതിർപ്പ് ഉണ്ടാകില്ല. മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്രദേശത്ത് ഇലക്ട്രിക്ക് ക്രിമറ്റോറിയം ഉണ്ടാക്കാം. പകർച്ചവ്യാധി കേസുകളും അജ്ഞാത ജഡവും മറ്റും ഇവിടെ സംസ്കരിക്കാം. കോട്ടയം നഗരത്തിൽ ജനറൽ ആശുപത്രി വളപ്പിലും ആവശ്യത്തിന് സ്ഥലമുണ്ട്.
വൈറസ് നാലുമണിക്കൂർ മാത്രം
ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും ഇറക്കിയ മാനദണ്ഡമനുസരിച്ച് കൊവിഡ് ബാധിച്ചു മരിച്ചാൽ കത്തിക്കുകയോ ആറുമുതൽ പത്ത് അടിവരെ താഴ്ചയിൽ കുഴിച്ചിടുകയോ വേണം . നാലുമണിക്കൂർ കഴിഞ്ഞാൽ മൃതദേഹത്തിൽ വൈറസ് ഉണ്ടാകില്ല.
ഡോ.ആർ.സജിത് കുമാർ (കൊവിഡ് നോഡൽ ഓഫീസർ)