rain

കോട്ടയം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ പെയ്ത കനത്തമഴയിൽ വ്യാപക നാശനഷ്ടം. കോട്ടയം നഗരമദ്ധ്യത്തിൽ രണ്ടിടത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മരങ്ങൾ കടപുഴകി വീണും വെള്ളംകയറിയും നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി. ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. പാമ്പാടിയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഫയർമാന് പാമ്പുകടിയുമേറ്റു.

ഇന്നലെ പുലർച്ചെ മുതലാണ് ജില്ലയിൽ മഴ ശക്തമായത്. മുട്ടമ്പലത്തും ഗാന്ധിനഗറിലും മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. പലയിടത്തും റോഡിലേയ്ക്കു മരങ്ങൾ കടപുഴകി വീണും, വെള്ളക്കെട്ടായും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം -എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ചു. മുട്ടമ്പലം തുരങ്കത്തിന് മുന്നിലെ ഭാഗത്താണ് റെയിൽവേ ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു വീണത്. ഏറെ ശ്രമപ്പെട്ടാണ് മണ്ണ് നീക്കം ചെയ്തത്. റെയിൽവേയുടെ വൈദ്യുതി പോസ്റ്റുകളും മണ്ണിനടിയിൽപ്പെട്ടു.

ഗാന്ധിനഗറിലും സമാന രീതിയിലാണ് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞത്. ഉയർന്ന ഭാഗത്തെ മണ്ണ് ട്രാക്കിലേയ്ക്ക് അപ്രതീക്ഷിതമായി ഇടിഞ്ഞു വീഴുകയായിരുന്നു. ട്രെയിനുകൾ ഈ സമയം കടന്നു വരാതിരുന്നതിനാൽ അപകടം ഒഴിവായി. കളത്തിപ്പടി കാരാണി കലുങ്കിൽ കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചുങ്കം കവലയിൽ നിന്ന വലിയ മരം കനത്ത മഴയിൽ റോഡിലേയ്ക്കു കട പുഴകി വീണു. ഉടൻ തന്നെ വെട്ടിമാറ്റി. കഴിഞ്ഞ ദിവസം ഈ മരത്തിന്റെ കൊമ്പുകൾ വെട്ടിമാറ്റിയിരുന്നു. പാമ്പാടിയിൽ കാളച്ചന്ത തോട് കരകവിഞ്ഞൊഴുകി കെ.കെ.റോഡിലും സമീപത്തെ വീടുകളിലും വെള്ളം കയറി. മീനടം, പാമ്പാടി, വൈക്കം, പാലാ മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.

ഫയർമാനെ പാമ്പുകടിച്ചു

വെള്ളൂർ തേരോത്തുപടിയിൽ വെള്ളംകയറിയ ആറുവീടുകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് പാമ്പാടി യൂണിറ്റിലെ ഫയർമാൻ തിരുവനന്തപുരം സ്വദേശി സന്ദീപിനെ പാമ്പുകടിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സന്ദീപ്.

 നിരവധി വീടുകൾ നശിച്ചു

അഞ്ച് താലൂക്കുകളിലായി നിരവധി വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. കനത്ത മഴയിൽ പാലാ കൊഴുവനാൽ ഫാത്തിമ ആശുപത്രിയ്ക്കും കവലയ്ക്കും ഇടയിലെ വീടിന്റെ മുറ്റം റോഡിലേയ്ക്ക് ഇടിഞ്ഞു വീണു. നഗരമദ്ധ്യത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ് ഭാഗത്തേയ്ക്കുള്ള റോഡിൽ മതിൽ ഇടിഞ്ഞു വീണു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.

 ഏറ്റവും കൂടുതൽ പെയ്തത് കോട്ടയത്ത്

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് കോട്ടയം ജില്ലയിൽ. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക് പ്രകാരം19.76 സെന്റീമീറ്റർ മഴ ലഭിച്ചു. കോട്ടയത്ത് രാവിലെ എട്ടര മുതൽ ഉച്ചകഴിഞ്ഞ് രണ്ടര വരെയായി 5.8 സെന്റീമീറ്റർ മഴ അധികവും പെയ്തു. ഇന്ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഒറ്റ ദിവസത്തെ മഴ കൊണ്ട് ജില്ലയിലെ മഴക്കുറവ് പരിഹരിക്കപ്പെട്ടു.

മഴക്കണക്ക്

കോട്ടയം: 19.76
കുമരകം: 17. 22
കാഞ്ഞിരപ്പള്ളി :12.1
കോഴ: 10. 04
വൈക്കം: 19.10