കോട്ടയം: റബർ ആക്‌ട് ഭേദഗതിക്കായി റബർ ബോർഡ് സമർപ്പിച്ച ശുപാർശകൾക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകാരം. വൻകിട കമ്പനികൾ നിർമ്മിക്കുന്ന കൃത്രിമ റബർ (സിന്തറ്റിക് റബർ), റീക്ളെയിംഡ് റബർ എന്നിവയെ കൂടി റബറിന്റെ ഗണത്തിൽ ഉൾപ്പെത്തുന്ന ഭേദഗതി, പ്രകൃതിദത്ത (സ്വാഭാവിക) റബർ കൃഷി ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
റബർ ആക്‌ടിൽ ഇതുവരെ 'റബർ" എന്ന് പ്രയോഗിച്ചിരുന്നത് സ്വാഭാവിക റബറിനെ ആയിരുന്നു. ഗവേഷണങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും നിയമപരമായ പരിരക്ഷ ഉറപ്പാക്കാനുമാണ് ഭേദഗതിയെന്നാണ് റബർ ബോർഡിന്റെ വാദം. റബർ ബോർഡിന് കേന്ദ്ര ബഡ്‌ജറ്റ് വിഹിതമായി വർഷം ലഭിക്കുന്നത് 160 കോടി രൂപയാണ്. ശമ്പളച്ചെലവും മറ്ര് ആനുകൂല്യങ്ങളും കഴിച്ചാൽ മതിയായ ഫണ്ടില്ല. ഈ സാഹചര്യത്തിൽ, മറ്ര് മേഖലകളെ കൂടി ഗവേഷണത്തിനായി ഉൾപ്പെടുത്തുമ്പോൾ, പത്തുലക്ഷത്തിലധികം കർഷകർ ഉത്‌പാദിപ്പിക്കുന്ന സ്വാഭാവിക റബറിന് ലഭിച്ചിരുന്ന സഹായം നഷ്‌ടപ്പെടുമെന്ന് കർഷകർ ഭയക്കുന്നു.
സിന്തറ്റിക് റബർ പ്രധാനമായും ഉത്‌പാദിപ്പിക്കുന്ന ഉത്തരേന്ത്യ കേന്ദ്രമായുള്ള വൻ കമ്പനികളാണ്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയതോടെ, റബർ സെസും ഒഴിവായത് മറ്രൊരു ഭേദഗതിയാണ്. എക്‌സൈസ് തീരുവയും എടുത്തുകളഞ്ഞു. റബർ ബോർഡ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശുപാർശയും സമർപ്പിച്ചിരുന്നു. കിലോയ്ക്ക് 150 രൂപ വിപണിവില കണക്കാക്കി കർഷകർക്ക് സബ്‌സിഡി നൽകുന്ന പദ്ധതി കൂടുതൽ നിർജീവമാകാൻ ജീവനക്കാരുടെ കുറവ് ഇടവരുത്തുമെന്ന ആശങ്കയുമുണ്ട്.
വാണിജ്യ മന്ത്രാലയ സെക്രട്ടറി അനൂപ് വാധ്വാൻ, ജോയിന്റ് സെക്രട്ടറി ദിവാകർ മിശ്ര, റബർ ബോർഡ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ഡോ.കെ.എൻ. രാഘവൻ എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ യോഗത്തിലാണ് ശുപാർശകൾ അംഗീകരിച്ചത്. ശുപാർശകൾ ഇനി നിയമ മന്ത്രാലയം പരിശോധിക്കും. തുടർന്ന്, പാർലമെന്റിൽ അവതരിപ്പിക്കും.
'റബർ ആക്‌ട് റദ്ദാക്കുകയല്ല, കാലോചിതമായി പരിഷ്‌കരിക്കുകയാണ് ചെയ്യുന്നത്""
ഡോ. കെ.എൻ.രാഘവൻ
റബർബോർഡ് ചെയർമാൻ