merin

കുറവിലങ്ങാട്: അമേരിക്കയിലെ മയാമി കോറൽ സ്‌പ്രിംഗിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തി കാർകയറ്റി കൊന്ന ശേഷം ഭർത്താവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സും മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകളുമായ മെറിനാണ് (28) മരിച്ചത്. സംഭവത്തിനുശേഷം ഒരു ഹോട്ടലിൽ നിന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. വെളിയനാട് സ്വദേശിയാണ് നെവിൻ. കഴിഞ്ഞ ദിവസം രാത്രി പത്തോടെ അമേരിക്കയിലുള്ള ബന്ധു മേഴ്‌സിയാണ് സംഭവം വീട്ടിൽ വിളിച്ചറിയിച്ചത്. കൊലപാതകം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റു.

സംഭവത്തിനു ശേഷം നെവിൻ കാറോടിച്ച് പോയി. മെറിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അതിനകം മരിച്ചിരുന്നു. മിഷിഗണിലെ വിക്‌സനിൽ ജോലിയുള്ള നെവിൻ ഇന്നലെ കോറൽ സ്‌പ്രിംഗ്സിൽ എത്തി ഹോട്ടലിൽ താമസിച്ചുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കിയ മെറിൻ പിന്നാലെയെത്തി ജോലിയിൽ പ്രവേശിച്ചു. ബ്രൊവാർഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് മരണം. രണ്ടു വയസുകാരി നോറയാണ് മകൾ. ഇന്ന് മെറിന്റെ വിവാഹ വാർഷികവും പിറന്നാളുമാണ്.പാലാ പാറപ്പള്ളിൽ കുടുംബാംഗം മേഴ്‌സിയാണ് മെറിന്റെ മാതാവ്. ബി.എസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനി മീര സഹോദരിയാണ്.