പൊൻകുന്നം: രാജേന്ദ്ര മൈതാനത്തിന്റെ നിലവിലുള്ള സൗകര്യം ഇല്ലാതാക്കി ചരിത്രത്തെ തമസ്‌കരിച്ചുള്ള അശാസ്ത്രീയമായ പന്തൽ നിർമാണ പ്രവർത്തികളെ അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ് ചിറക്കടവ് മണ്ഡലം നേതൃയോഗം. ബ്രിട്ടണലിലെ ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണ ദിനത്തിന്റെ സ്മരണക്കായി സ്വതന്ത്ര്യ പ്രാപ്തിക്ക് മുൻപ് പൊൻകുന്നം പൗരാവലി നിർമ്മിച്ച് നാമകരണം ചെയ്ത കിണറിന്റെ രൂപഭംഗി ഇല്ലാതാക്കി പൊൻകുന്നം ജനതയുടെ കുടിവെള്ള സ്രോതസായ കിണറിന്റെ സിംഹഭാഗവും കോൺക്രീറ്റ് ചെയ്ത് മൂടി കെട്ടിയുള്ള സ്റ്റേജ് നിർമ്മാണം നാടിന്റെ ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. നിലവിലുള്ള ഇടുങ്ങിയ മൈതാനത്ത് 22 തൂണുകളിൽ നിർമ്മിക്കുന്ന പന്തലും സ്റ്റേജും സ്ഥല പരിമിതി മൂലം ഉദേശിച്ച ഫലം നൽകില്ലെന്നും ഈ സാഹചര്യത്തിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.സതീഷ്ചന്ദ്രൻ നായർ, പി.എം.സലിം, സാവിയോ ഡോമിനിക്, മുണ്ടക്കയം സോമൻ, പി.എൻ.ദാമോദരൻപിള്ള, സി.ജി.രാജൻ, സനോജ്പനക്കൽ, അഭിലാഷ്ചന്ദ്രൻ എന്നിവർ സംസാരിച്ചു.