കുറവിലങ്ങാട്: ജന്മദിനവും വിവാഹ വാർഷികവും ഒന്നിച്ച് ഇന്ന് ആഘോഷിക്കേണ്ട മെറിൻ ചേതനയറ്റ് ആശുപത്രി മോർച്ചറിയിൽ കിടക്കുകയാണ്. അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ ഭർത്താവ് ദാരുണമായി കൊലപ്പെടുത്തിയ മോനിപ്പള്ളി സ്വദേശി മെറിൻ ജോയിയുടെ ജന്മദിനം ഇന്നാണ്. 2017 ജൂലായ് 30നായിരുന്നു മെറിന്റെയും നെവിന്റെയും (34) വിവാഹം.
ജോയിയുടെ ബന്ധുക്കൾ അമേരിക്കയിലുണ്ട്. ഇവർ വഴി മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം. കോറൽ സ്പ്രിംഗ്‌സ് ആശുപത്രിയിലെ ജോലി രാജി വച്ച് ആഗസ്റ്റ് 15ന് താമ്പയിലേയ്ക്ക് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിനെന്ന് പിതാവ് ജോയി പറയുന്നു. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി സഹപ്രവർത്തകരോട് യാത്രയും പറഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു ഭർത്താവിന്റെ ക്രൂരത. ഭർത്താവുമായി പിണക്കമായിരുന്നതിനാൽ മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു താമസം. അവർക്കൊപ്പം 30ന് ജന്മദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കവും നടത്തിയിരുന്നു. നെവിനുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മെറിൻ ജോലിസ്ഥലം മാറ്റാൻ തീരുമാനിച്ചത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്.
കഴിഞ്ഞ ഡിസംബർ 19നാണ് കുഞ്ഞുമായി ഇവർ നാട്ടിലെത്തിയത്. ചങ്ങനാശേരിയിലെ ഫിലിപ്പിന്റെ വീട്ടിൽ വച്ച് മെറിനെ ഫിലിപ്പ് അക്രമിച്ചതായി മെറിന്റെ അച്ഛൻ ജോയി പറയുന്നു. മെറിനെ കൂട്ടാനായി ബന്ധുക്കൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ നെവിൻ കുട്ടിയുമായി മുറിയിൽ കതകടച്ചിരുന്നു. ഏറെനേരത്തെ തർക്കത്തിനൊടുവിലാണ് പുറത്തുവന്നത്. പിന്നാലെ കുട്ടിയുമായി മെറിൻ മോനിപ്പള്ളിയിലെ വീട്ടിലെത്തി. തുടർന്ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ദിവസങ്ങൾക്ക് ശേഷം നെവിൻ കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി ബഹളമുണ്ടാക്കി. ഇതിനിടെ ബന്ധം വേർപിരിയാൻ കോടതിയെയും സമീപിച്ചു.
കോടതിയെ സമീപിച്ചതറിഞ്ഞ ഫിലിപ്പ് ജനുവരി ഒന്നിന് അമേരിക്കയ്ക്ക് മടങ്ങി. മെറിൻ കുട്ടിയെ മോനിപ്പള്ളിയിലാക്കി ജനുവരി 29നും മടങ്ങി. മകൾ നോറ ജനിച്ചതിനെ തുടർന്ന് മെറിനെ ശുശ്രൂഷിക്കാനായി അമ്മ മേഴ്‌സി അമേരിക്കയിൽ പോയിരുന്നു. അന്ന് മെറിനെ അക്രമിച്ചതിന് പൊലീസിനെ സമീപിച്ചിരുന്നതായി മേഴ്‌സി പറയുന്നു.