vai-2

വൈക്കം: കനത്ത മഴയിൽ വൈക്കം നഗരത്തിന്റെ ഹൃദയഭാഗം വെള്ളത്തിലായി. മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ അന്ധകാരത്തോട് കവിഞ്ഞൊഴുകി പരിസര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ടൗൺ ഹാൾ റോഡും കാലാക്കൽ റോഡും കച്ചേരിക്കവല കൊച്ചുകവല റോഡുകൾ മുങ്ങി.വേമ്പനാട്ടുകായലിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയാണ് ഒറ്റമഴയിൽ വീടുകളിൽ വെള്ളം കയറുന്നത്. കായലിലേക്ക് വെള്ളം ഒഴുകിപ്പോകാൻ മതിയായ ഓടകളില്ലാത്തതും അശാസ്ത്രീയമായ ഓട നിർമ്മാണവുമാണ് കാരണം. അന്ധകാരത്തോട് കെ.വി കനാലിലാണ് ചേരുന്നത്. തോട് നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ്. രണ്ടേമുക്കാൽ കോടിയുടേതായിരുന്നു പദ്ധതി. പാതിവഴിയിൽ നിലച്ച പദ്ധതി ഒരു പ്രയോജനവും ചെയ്തില്ല. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. പടിഞ്ഞാറെനട പ്രദേശത്തെ പെയ്ത്ത് വെള്ളം മുഴുവൻ ഇപ്പോൾ അന്ധകാരത്തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളം മുഴുവൻ ഒരുമിച്ച് ഒഴുകിപോകാനുള്ള വിസ്തൃതി അന്ധകാരത്തോടിനില്ല.

നഗരത്തിലെ ഓടകളെല്ലാം ഇപ്പോൾ അന്ധകാരത്തോട്ടിലേക്കാണ് തുറന്നു വച്ചിരിക്കുന്നത്. കൊച്ചുകവല മുതൽ തോട്ടുവക്കം വരെയുള്ള പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് ഇത് സൃഷ്ടിക്കുന്നത്. തോടിന്റെ നവീകരണം കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാവില്ല. കായലിലേക്ക് മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ ഓട നിർമ്മിക്കണം.
എൻ. അനിൽ ബിശ്വാസ്
(നഗരസഭ മുൻ ചെയർമാൻ, കലാക്കൽ വാർഡ് കൗൺസിലർ)