വെച്ചൂർ: കനത്തമഴ അപ്പർകുട്ടനാടൻ മേഖലയിൽ നെൽകൃഷിക്ക് ഭീഷണി ഉയർത്തുന്നു. വെച്ചൂർ പഞ്ചായത്തിലെ ഭൂരിപക്ഷം പാടശേഖരങ്ങളിലും വെള്ളം കെട്ടി നിൽക്കുകയാണ്. 350 ഏക്കർ വരുന്ന ഇട്ട്യേക്കാടൻ കരി, 150 ഏക്കറുള്ള അച്ചിനകം പാടശേഖരം, 100 ഏക്കറിന്റെ വലിയ വെളിച്ചം എന്നിവിടങ്ങളിലെല്ലാം നെൽച്ചെടികൾ നാശത്തിന്റെ വക്കിലാണ്. പത്ത് മുതൽ പതിനഞ്ച് ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് ഇവിടെയുള്ളത്. മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതിനാൽ നെൽച്ചെടികൾ സംരക്ഷിച്ചു നിർത്താനാവുമോ എന്ന ആശങ്കയിലാണ് കർഷകർ. സർക്കാർ നൽകിയ വിത്തിന്റെ അളവ് അപര്യാപ്തമായതിനാൽ അതിന് പുറമേ കൂടിയ വില കൊടുത്ത് പുറത്തു നിന്ന് വിത്ത് വാങ്ങിയുമാണ് വിതച്ചത്.